കലാമണ്ഡലം രാമന്‍കുട്ടിനായര്‍ അന്തരിച്ചു

Posted on: March 12, 2013 8:41 am | Last updated: March 12, 2013 at 8:42 am
SHARE

Padma Bhushan Kalamandalam Ramankutty Nairപാലക്കാട്:  കഥകളിയാചാര്യന്‍ പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. ഇന്നലെ വൈകുന്നേരം വെള്ളിനേഴി ‘തെങ്ങിന്‍തോട്ടത്തില്‍’ വീട്ടിലായിരുന്നു അന്ത്യം. ശവസംസ്‌കാരം ഇന്ന് മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. കഥകളികലാകാരന്‍, കലാമണ്ഡലം പ്രിന്‍സിപ്പല്‍, കഥകളിയാശാന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു അദ്ദേഹം.

1925 മെയ് 25ന് ഓപ്പത്ത് നാരായണന്‍നായരുടെയും തെങ്ങിന്‍തോട്ടത്തില്‍ കുഞ്ഞിമാളു അമ്മയുചെയും മകനായി ജനിച്ചു. തന്റെ 13ാം വയസ്സില്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിയായി.
കലാമണ്ഡലത്തില്‍ അധ്യാപകന്‍, വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍ തുടങ്ങിയ തസ്തികകളിലായി 50 വര്‍ഷം സേവനമനുഷ്ഠിച്ച് 1985ല്‍ വിരമിച്ചു.
കളിയരങ്ങില്‍ ഇന്നുള്ള മിക്കവ പ്രഗല്‍ഭരുടെയും ഗുരുനാഥനായ അദ്ദേഹം മുപ്പതിലേറെ തവണ വിദേശ പര്യടനം നടത്തി മറുനാട്ടിലും ഭാവരസങ്ങള്‍ കെട്ടിയാടി.

2007ല്‍ പത്മഭൂഷണ്‍ ലഭിച്ചു. ഒരു കഥകളി നടന് ഈ പുരസ്‌കാരം ലഭിക്കുന്നത് ആദ്യമായിട്ടായിരുന്നു. കേരളസര്‍ക്കാറിന്റ പ്രഥമ കഥകളി പുരസ്‌കാരം ലഭിച്ചു. കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ്, കലാമണ്ഡലം സ്‌പെഷല്‍ അവാര്‍ഡ്, മധ്യപ്രദേശിലെ കാളിദാസ സമ്മാന്‍, കലാമണ്ഡലം ഫെല്ലോഷിപ്പ്, അമറിറ്റസ് ഫെല്ലോഷിപ്പ്, നര്‍ത്തകചക്രവര്‍ത്തി അവാര്‍ഡ്, കലാരത്‌നം അവാര്‍ഡ്, മുംബൈ ശ്രീ ഗുരുവായൂരപ്പന്‍ പുരസ്‌കാരം, കേന്ദ്രസംഗീത നാടക അക്കാദമി രത്‌ന അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടി.
‘തിരനോട്ടം’ ആത്മകഥയാണ്.

ഭാര്യ: സരസ്വതിയമ്മ
മക്കള്‍: നാരായണന്‍കുട്ടി (ഏഷ്യാനെറ്റ്), അപ്പുക്കുട്ടന്‍, വിജയലക്ഷ്മി. മരുമക്കള്‍: പത്മജ, സുധ, രാമചന്ദ്രന്‍.