Connect with us

Articles

കൊടും വരള്‍ച്ച ഇനി കേരളീയന് കേട്ടുകേള്‍വിയല്ല

Published

|

Last Updated

drought-crackedmud_LGh21_65വരള്‍ച്ച കേരളീയന് പരിചിതമാണെങ്കിലും കൊടും വരള്‍ച്ച അത്ര പരിചിതമല്ല. കൊടും വരള്‍ച്ചയില്‍ ദാഹജലം കിട്ടാതെ മരിച്ച സംഭവങ്ങളും വീട്ടാവശ്യത്തിന് ജലം ശേഖരിക്കാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട ഗതികേടും കേരളീയന് മറ്റു രാജ്യങ്ങളുടെയോ സംസ്ഥാനങ്ങളുടെയോ കഥകള്‍ മാത്രമായിരുന്നു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഗുറൈയ്യ ഗ്രാമത്തിലെ സ്ത്രീകള്‍ നാല് കിലോ മീറ്ററിലേറെ നടന്നാണത്രെ വീട്ടാവശ്യത്തിന് വെള്ളം ശേഖരിച്ചിരുന്നത്. ഇക്കാരണത്താല്‍ സമീപ ഗ്രാമങ്ങളിലെ പെണ്‍കുട്ടികളെ ആ ഗ്രാമത്തിലേക്ക് വിവാഹം ചെയ്തയക്കാന്‍ രക്ഷിതാക്കള്‍ വിസമ്മതിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തില്‍ ഇക്കാലമത്രയും അത്തരമൊരു ഗതികേട് വന്നിട്ടില്ല. ചില ഭാഗങ്ങളില്‍ മഴ കിട്ടാതെ കൃഷികള്‍ ഉണങ്ങി നശിക്കുകയും കുടിവെള്ളത്തിനായി പൊതുടാപ്പിന് മുമ്പില്‍ ബക്കറ്റുകളും കുടങ്ങളുമായി ഏറെ സമയം കാത്തിരിക്കേണ്ടി വരികയും ചെയ്യാറുണ്ടെങ്കിലും കുടിവെള്ളം കിട്ടാതെ ദാഹിച്ചു വലയേണ്ട ദുരവസ്ഥ കേരളീയനപരിചിതമാണ്.
എന്നാല്‍ ചെറുതും വലുതുമായ 44 പുഴകളും 20 തടാകങ്ങളും യഥേഷ്ടം കിണറുകളുമുള്ള കേരളം കൊടിയ വരള്‍ച്ചയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മഴയുടെ ലഭ്യതക്കുറവ്, ഭൂഗര്‍ഭ ജലത്തിന്റെ താഴ്ച, വയല്‍ മണ്ണിട്ടു നിരപ്പാക്കുന്ന പ്രവണത തുടങ്ങി നിരവധി കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഭൂഗര്‍ഭ ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും സമീപഭാവിയില്‍ തന്നെ നാം അഭിമുഖീകരിക്കാനിരിക്കുന്ന ജലക്ഷാമത്തെക്കുറിച്ച് ഇത്തരമൊരു മുന്നറിയിപ്പ് തരുന്നത്.
വര്‍ഷത്തില്‍ ശരാശരി 3500 മി. മീറ്റര്‍ മഴ ലഭിച്ചിരുന്ന കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ മഴയുടെ ലഭ്യത വളരെ കുറവാണ്. തെക്കുപടിഞ്ഞാറന്‍ മന്‍സൂണിലും (ഇടവപ്പാതി) വടക്കു കിഴക്കന്‍ മന്‍സൂണിലും (തുലാവര്‍ഷം) ആണ് സംസ്ഥാനത്തെ മഴയില്‍ സിംഹഭാഗവും ലഭിച്ചിരുന്നത്. മഴയുടെ 80 ശതമാനവും ഇടവപ്പാതിയുടെ സംഭാവനയായിരുന്നു. പ്രതിവര്‍ഷം 12 ക്യൂബിക് മീറ്റര്‍ വെള്ളം മഴയില്‍ നിന്ന് കേരളത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ രണ്ട് സീസണിലും മഴ ഗണ്യമായി കുറഞ്ഞിരിക്കുന്നു. മഴ തിമര്‍ത്തു പെയ്യേണ്ട തിരുവാതിര, ആയില്യം ഞാറ്റുവേലകളില്‍ ഇത്തവണ പൊള്ളുന്ന വെയിലായിരുന്നല്ലോ.
നമ്മുടെ ഭൂഗര്‍ഭ ജലവും അപകടകരമാം വിധം താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഭൂഗര്‍ഭ ജലവിതാനത്തിന്റെ നില തിട്ടപ്പെടുത്താനായി ഭൂഗര്‍ഭ ജലവകുപ്പ് നിര്‍മിച്ച കിണറുകളില്‍ 870 എണ്ണത്തില്‍ ഈ വര്‍ഷം നടത്തിയ പഠനമനുസരിച്ച് രണ്ട് മുതല്‍ അഞ്ച് വരെ മീറ്റര്‍ ഭൂഗര്‍ഭ ജലം താഴ്ന്നതായി കണ്ടെത്തിയിരിക്കുന്നു. കുന്നിന്‍ പ്രദേശങ്ങളിലും വെട്ടുകല്ലുള്ള ഭാഗങ്ങളിലും 10-15 മീറ്റര്‍ ആഴത്തിലും, വയലുകളില്‍ 5-6 മീറ്ററിലും തീരപ്രദേശങ്ങളില്‍ 4-5 മീറ്ററിലും വെള്ളം കണ്ടെത്തണമെന്ന ഭൂഗര്‍ഭ വിദഗ്ധരുടെ കണക്കുകൂട്ടല്‍ താളം തെറ്റിയിരിക്കുന്നു. ഇതിനേക്കാള്‍ നാലും അഞ്ചും മീറ്റര്‍ കുഴിക്കണം ഇപ്പോള്‍ വെള്ളം ലഭിക്കണമെങ്കില്‍. ഭൂഗര്‍ഭ ജലം 35 ശതമാനത്തോളം താഴ്ന്നുവെന്നാണ് മറ്റൊരു പഠന റിപ്പോര്‍ട്ട്.
കുഴല്‍ക്കിണറുകള്‍ മുഖേനയും മറ്റും ജലം ഊറ്റിയെടുക്കുന്നതാണ് ഭൂഗര്‍ഭ ജലത്തിന്റെ താഴ്ചക്ക് മുഖ്യ ഹേതുകമെന്ന് ന്യൂഡല്‍ഹിയിലെ പരിസ്ഥിതി സംരക്ഷണ സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയിണ്‍മെന്റ് (സി എസ് സി) യുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. തണ്ണീര്‍ത്തടങ്ങള്‍ പോലുള്ള ഭൂഗര്‍ഭജല പരിപോഷണത്തിന് സഹായകമായ മാര്‍ഗങ്ങള്‍ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇല്ലായ്മ ചെയ്യുന്നതാണ് മറ്റൊരു കാരണം. വയലുകളാണ് തണ്ണീര്‍ത്തടങ്ങളില്‍ പ്രധാനം. ഒരു സെന്റ് കൃഷിസ്ഥലം ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുമെന്നാണ് കണക്ക്. ഇതില്‍ 48,000 ലിറ്റര്‍ ഭൂമിക്കടിയിലേക്ക് ഒലിച്ചിറങ്ങുന്നു. വയലുകള്‍ വ്യാപകമായി നികത്തിക്കൊണ്ടിരിക്കയാണ്. 1975-ല്‍ 8.75 ലക്ഷം ഹെക്ടര്‍ വയലുകളുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് അവശേഷിക്കുന്ന വയലിന്റെ അളവ് 2.15 ലക്ഷം ഹെക്ടര്‍ മാത്രമാണ്. കൃഷിഭൂമിയുടെ നശീകരണം ഭൂഗര്‍ഭത്തിലേക്ക് ഒലിച്ചിറങ്ങുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറയാനിടയാക്കി.
മഴയുടെ ലഭ്യതക്കുറവിലുപരി നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന മഴവെള്ളം സംഭരിക്കുന്നതിലും വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതിലും കാണിക്കുന്ന ശ്രദ്ധക്കുറവും അലസതയുമാണ് ഏറെ ഗുരുതരം. ജലസമൃദ്ധ കേരളമെന്ന പഴയ ധാരണയില്‍ നിന്ന് ജലദൗര്‍ലഭ്യം രൂക്ഷമായ നാടായി കേരളവും മാറിയിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തിലേക്ക് ഉണര്‍ന്ന് അതിനെ നേരിടാനും അതിജീവിക്കാനുമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ ഭരണകൂടവും ജനങ്ങളും ജാഗ്രത കാണിക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് വര്‍ഷിക്കുന്ന മഴയില്‍ അറുപത് ശതമാനവും കുത്തിയൊലിച്ച് നദികളിലും കടലിലുമെത്തിച്ചേരുകയാണ്. ഇത് ഭൂമിക്കോ ജനങ്ങള്‍ക്കോ ഉപകാരപ്പെടുന്നില്ല. വന്‍കിട വ്യാപാര സമുച്ചയങ്ങളിലും ഫഌറ്റുകളിലും വിമാനത്താവളങ്ങളിലും നിരത്തുകളിലും പതിക്കുന്ന മഴ വിശേഷിച്ചും. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മഴവെള്ള സംഭരണി നിര്‍മിക്കണമെന്ന് നമ്മുടെ നാട്ടില്‍ വ്യവസ്ഥയുണ്ട്. എത്ര കെട്ടിട ഉടമകള്‍ ഇത്തരം സംഭരണികള്‍ നിര്‍മിക്കുന്നുണ്ട്? ഈ നിബന്ധന പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതില്‍ വീടിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഉദ്യോഗസ്ഥരും കുറ്റകരമായ അനാസ്ഥ കാണിക്കുന്നു. വരള്‍ച്ചയെ അതിജീവിക്കാന്‍ ജപ്പാന്‍, ഇറ്റലി, ഇസ്‌റാഈല്‍, ഇന്തോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക തുടങ്ങി പല രാജ്യങ്ങളും പരമ്പരാഗത മഴവെള്ള സംഭരണ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ഈ മാര്‍ഗം തന്നെയാണ് കേരളത്തിനും ഏറ്റവും അനുയോജ്യം. നീര്‍ക്കുഴി നിര്‍മാണം, തടയണ, തട്ടുതിരിക്കല്‍, കൈയാല തുടങ്ങി പല പദ്ധതികളും ഇതു സംബന്ധമയി ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നതാണ് ദുഃഖകരം. ഇതിനിടെ തൊഴിലൂറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴക്കുഴികള്‍ നിര്‍മിച്ചിരുന്നു. കഴിഞ്ഞ മഴക്കാലത്തിന്റെ അവസാന ഘട്ടത്തിലാണ് പദ്ധതി നിലവില്‍ വന്നതെന്നതിനാല്‍ പോയ വര്‍ഷത്തെ മഴവെള്ള സംഭരണത്തിന് അവ സഹായകമായില്ല. അടുത്ത മഴക്കാലത്തേക്ക് ഉപയോഗപ്പെടുത്താമായിരുന്നെങ്കിലും മിക്ക പേരും വാഴ, തെങ്ങ് പോലുള്ള കൃഷികള്‍ക്കായി വിനിയോഗിച്ച് പ്രസ്തുത കുഴികളുടെ നിര്‍മാണ ലക്ഷ്യം തന്നെ അട്ടിമറിക്കുകയും ചെയ്തു.
സംസ്ഥാനം നേരിടാനിരിക്കുന്ന വരള്‍ച്ചയുടെ രൂക്ഷതയെക്കുറിച്ച് ബോധമില്ലായ്മയും നടപ്പാക്കുന്ന പദ്ധതികള്‍ ലക്ഷ്യം കാണുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിലുള്ള അധികൃതരുടെ ശ്രദ്ധക്കുറവുമാണ് കാരണം. ഫലപ്രദമായ ബോധവത്കരണത്തിലൂടെ ജല സമ്പത്തിന്റെ അമൂല്യതയും വരള്‍ച്ചയുടെ കൊടുംദുരിതങ്ങളും പൊതുജനത്തെ ധരിപ്പിക്കുകയും കാടുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും നശീകരണം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യേണ്ട കാലം ജലസമൃദ്ധിയുടെ നാടെന്ന് ഊറ്റംകൊണ്ടിരുന്ന കേരളത്തിലും സംജാതമായിരിക്കുന്നു.