ആറളത്ത് 137 പക്ഷിജാതികളെ കൂടി കണ്ടെത്തി

Posted on: March 12, 2013 12:15 am | Last updated: March 12, 2013 at 3:37 pm
SHARE

kaithakallan bird-knrകണ്ണൂര്‍: കേരള വനം-വന്യജീവി വകുപ്പിന്റെയും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ ആറളത്ത് പതിനാലാം തവണയും പക്ഷി സര്‍വേ നടത്തി. മുമ്പ് കണ്ടിട്ടില്ലാത്ത ഒരിനം അടക്കം 137 പക്ഷിജാതികളെ മൂന്ന് ദിവസത്തെ സര്‍വേയില്‍ കണ്ടെത്തി. ഇതോടെ വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയിട്ടുള്ള മൊത്തം പക്ഷി വര്‍ഗങ്ങളുടെ എണ്ണം 238 ആയതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. ഹരികൃഷ്ണന്‍ നായര്‍ അറിയിച്ചു.
കൈതക്കള്ളന്‍ എന്ന പേരുള്ള പക്ഷിയാണ് പുതിയതായി ആറളത്ത് കണ്ടെത്തിയത്. കേരളത്തില്‍ അത്യപൂര്‍വമായി കണ്ടിരുന്ന പാണ്ടന്‍ വേഴാമ്പലുകളെ നാലിടങ്ങളിലായി പത്തോളം എണ്ണത്തെ ഈ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷി നിരീക്ഷകരായ ഡോ. ജഅ്ഫര്‍ പാലോട്ട്, കെ വി ഉത്തമന്‍, സത്യന്‍ മേപ്പയൂര്‍ തുടങ്ങി തെന്നിന്ത്യയിലെ 26 ഓളം പക്ഷി നിരീക്ഷകര്‍ സര്‍വേയില്‍ പങ്കെടുത്തു. വന്യജീവി സങ്കേതത്തില്‍ നാല് സ്ഥലങ്ങളില്‍ താമസിച്ചാണ് പക്ഷികളുടെ കണക്കെടുപ്പ് നടത്തിയത്. ഇന്ത്യയില്‍ ആറളത്ത് മാത്രമാണ് പക്ഷി സമ്പത്തിനെപ്പറ്റി ഇത്തരത്തിലുള്ള തുടര്‍ച്ചയായ ശാസ്ത്രീയ നിരീക്ഷണം നടത്തുന്നത്.