ബിറ്റിയുമായി കണ്ണൂര്‍ പോലീസ് രാജസ്ഥാനിലേക്ക്‌

Posted on: March 12, 2013 12:11 am | Last updated: March 12, 2013 at 12:11 am
SHARE

കണ്ണൂര്‍:കേരളത്തില്‍ അറസ്റ്റിലായി സെന്‍ട്രല്‍ ജയില്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന അല്‍വാര്‍ പീഡനക്കേസ് പ്രതി ബിറ്റി ഹോത്ര മൊഹന്തിയെ (27) പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാന്‍ ബിറ്റിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് പഴയങ്ങാടി പോലീസ്, പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് എം സ്മിതക്ക് മുമ്പാകെ സമര്‍പ്പിച്ച ഹരജിയിലാണ് ബിറ്റിയെ വിട്ടുകൊടുത്തത്. ബിറ്റിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്നലെ വൈകീട്ട് കണ്ണൂരിലെത്തിയ രാജസ്ഥാന്‍ പോലീസും ഇന്ന് പയ്യന്നൂര്‍ കോടതിയെ സമീപിക്കും. രാജസ്ഥാന്‍ പോലീസ് കേരള പോലീസിന്റെ കസ്റ്റഡിയില്‍ വെച്ച് ബിറ്റിയെ തിരിച്ചറിയുകയും പ്രാഥമിക വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്. ബിറ്റിയെ തെളിവെടുപ്പിനായി ഇന്ന് രാജസ്ഥാനിലേക്ക് കൊണ്ടുപോകും. തളിപ്പറമ്പ് സി ഐ. എ വി ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രാജസ്ഥാന്‍ അല്‍വാര്‍ ജയിലിലെത്തിച്ച് വിവരങ്ങള്‍ ശേഖരിക്കുക. ഇന്ന് വൈകീട്ട് മംഗള എക്‌സ്പ്രസിലാണ് രാജസ്ഥാനിലേക്ക് തിരിക്കുക. തുടര്‍ന്ന് ഒഡീഷ, ആന്ധ്ര എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നലെ പയ്യന്നൂര്‍ സി ഐ അബ്ദുര്‍റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചിട്ടുണ്ട്. ശ്രീകണ്ഠപുരം സി ഐ റോഷി ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് ഒഡീഷയിലേക്കും തിരിക്കും.ഇന്നലെ രാവിലെ കണ്ണൂര്‍ എസ് പി രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിനെ കുറിച്ച് കാര്യത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തി. പിടിയിലായത് ബിറ്റിയാണെന്ന് ഉറപ്പിക്കാനും ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും നാല് സ്‌ക്വാഡുകളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. തളിപ്പറമ്പ് ഡി വൈ എസ് പി. കെ എസ് സുദര്‍ശനന്റെ നേതൃത്വത്തിലാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. കേരളം, ആന്ധ്ര, ഒഡീഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഓരോ ടീമിന്റെയും അന്വേഷണം. ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമച്ചതിനുമാണ് ഇപ്പോള്‍ ബിറ്റിക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തിയാലേ കുറ്റകൃത്യത്തിന്റെ ആഴം കണ്ടെത്താനാകൂവെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.അതിനിടെ, ബിറ്റിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്നലെ വൈകീട്ടെത്തിയ രാജസ്ഥാന്‍ സി ഐ. സമ്പദ്‌സിംഗിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എസ് പി. രാഹുല്‍ ആര്‍ നായരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. കേരളാ പോലീസിന്റെ അന്വേഷണം കഴിയാതെ ബിറ്റിയെ രാജസ്ഥാന്‍ പോലീസിന് കസ്റ്റഡിയില്‍ ലഭിക്കാനിടയില്ലെന്നാണ് സൂചന. എങ്കിലും കേരളാ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയാല്‍ അത്യാവശ്യ കാര്യങ്ങള്‍ രാജസ്ഥാന്‍ പോലീസും ഇയാളില്‍ നിന്ന് ചോദിച്ചറിയും. താന്‍ ബിറ്റി മൊഹന്തിയാണെന്ന് പോലീസിനോട് സമ്മതിച്ച പ്രതി കോടതിയിലെത്തിയപ്പോള്‍ വീണ്ടും മൊഴി മാറ്റിപ്പറഞ്ഞിരുന്നു.

ആന്ധ്രാപ്രദേശില്‍ വിശദമായ അന്വേഷണം നടത്താന്‍ തന്നെ പോലീസ് സംഘം തീരുമാനിച്ചിട്ടുണ്ട്. ബിറ്റിയുടെ പിന്നില്‍ ഏതെങ്കിലും പ്രത്യേക ലോബിയുണ്ടോയെന്ന കാര്യവും അന്വേഷിക്കും. ആന്ധ്ര പുട്ടപര്‍ത്തിയിലെ രാഘവരാജിന്റെ സര്‍ട്ടിഫിക്കറ്റാണ് കണ്ണൂരില്‍ എം ബി എ പ്രവേശനത്തിനടക്കം ബിറ്റി ഉപയോഗിച്ചിരുന്നത്. യഥാര്‍ഥ രാഘവരാജ് ആരാണെന്ന് കണ്ടെത്താന്‍ പോലീസ് ആന്ധ്രാ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.
ബിറ്റി ഒടുവില്‍ താമസിച്ച മാടായിയിലെ വാടക വീട്ടിലും മറ്റും കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തി. ബിറ്റി പഠിച്ചിരുന്ന ചിന്മയ കോളജ്, ചാല ചിന്‍ടെക് കോളജ്, സര്‍വകലാശാല, ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ തിരുവനന്തപുരം എസ് ബി ടി ഓഫീസ്, താമസിച്ച പുതിയതെരുവിലെ വീട്, പ്രൊബേഷണറി ഓഫീസറായി ജോലി ചെയ്ത പഴയങ്ങാടിയിലെ ബേങ്ക്, സമീപത്തെ കടകള്‍, ബിറ്റി താമസിച്ചിരുന്ന പുതിയ തെരുവിലെയും കണ്ണൂരിലെയും ലോഡ്ജുകള്‍ എന്നിവിടങ്ങളിലെത്തിച്ച് പോലീസ് തെളിവെടുക്കും.