അനാഥര്‍ക്ക് സംവരണം: സര്‍ക്കാര്‍ നിര്‍ദേശം പി എസ് സി തള്ളി

Posted on: March 12, 2013 12:07 am | Last updated: March 12, 2013 at 12:07 am
SHARE

തിരുവനന്തപുരം: അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പി എസ് സി തള്ളി. നാഷനല്‍ സര്‍വീസ് സ്‌കീം (എന്‍ എസ് എസ്) അംഗങ്ങളായിരുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന നിര്‍ദേശവും അംഗീകരിച്ചില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം ലഭിച്ച് ഒരു വര്‍ഷമായി താത്കാലിക വ്യവസ്ഥയില്‍ സര്‍വീസില്‍ തുടരുന്ന വികലാംഗരെ സ്ഥിരപ്പെടുത്തണമെന്ന നിര്‍ദേശവും ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗം തള്ളി.
അതേസമയം ജില്ലാതല നിയമനത്തില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഒഴിവില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് സ്വന്തം ജില്ലയില്‍ ഒഴിവില്ലെങ്കില്‍ അന്തര്‍വകുപ്പ് സ്ഥലംമാറ്റം അനുവദിക്കാനുള്ള നിര്‍ദേശം പി എസ് സി അംഗീകരിച്ചു. അഞ്ച് വര്‍ഷ കാലപരിധിയില്‍ കൂടാതെയാണ് ഇത്തരം സ്ഥലംമാറ്റം അനുവദിക്കുക.