പൊതു ആവശ്യത്തിന് നല്‍കിയ ഭൂമി തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന്

Posted on: March 12, 2013 12:02 am | Last updated: March 12, 2013 at 12:02 am
SHARE

കൊച്ചി: പൊതു ആവശ്യത്തിന് സ്വമേധയാ വിട്ടുനല്‍കിയ ഭൂമി തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. വിട്ടുനല്‍കിയ ഭൂമി ഏറ്റെടുത്തതായി ആര്‍ ഡി ഒ. ഉത്തരവ് പാസാക്കിയില്ലെന്നതുകൊണ്ട് ഭൂമി തിരിച്ചെടുക്കാന്‍ ദാതാവിന് കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
പൊതു ആവശ്യത്തിന് ഭൂമി വിട്ടുനല്‍കി അതിന്റെ പേരില്‍ കെട്ടിട നിര്‍മാണ ചട്ടത്തില്‍ ഇളവ് നേടിയതിനു ശേഷം സര്‍ക്കാറിന്റെ തുടര്‍ നടപടി വൈകിയെന്ന കാരണത്താല്‍ ദാതാവിന് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന ജസ്റ്റിസ് പി എന്‍ രവീന്ദ്രന്റെ ഉത്തരവിനെതിരെ എറണാകുളം പുല്ലേപ്പടി ഓലിപ്പറമ്പ് വീട്ടില്‍ നടരാജന്‍ സര്‍പ്പിച്ച അപ്പീല്‍ ഹരജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, കെ വിനോദ്ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
നിരുപാധികം വിട്ടുകൊടുത്ത ഭൂമി സ്വീകരിച്ച് ആര്‍ ഡി ഒയുടെ ഔദ്യോഗിക ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ പോലൂം പൊതു ആവശ്യത്തിനുള്ള ഭൂമി സമര്‍പ്പണം നടന്നില്ലെന്ന് പറയാനാകില്ലെന്ന് സിംഗിള്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു. പൊതുവഴിക്ക് വേണ്ടി ഹരജിക്കാരെന്റെ പിതാവ് ഭൂമി നിരുപാധികം വിട്ടുനല്‍കിയ നിലക്ക് അധികൃതര്‍ അത് സ്വീകരിച്ച് തുടര്‍ നടപടി എടുത്തില്ലെങ്കില്‍ പോലും പൊതുജനങ്ങള്‍ക്ക് ആ ഭൂമിയിലൂടെ കടന്നുപോകാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്ന് വിലയിരുത്തിയ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെയാണ് ഹരജിക്കാരന്‍ ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കിയത്.