Connect with us

Thiruvananthapuram

സമയക്കുറവ് വലച്ചതായി വിദ്യാര്‍ഥികള്‍

Published

|

Last Updated

തിരുവനന്തപുരം;ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് തുടക്കാമയി. ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന് പരീക്ഷയാണ് ഇന്നലെ നടന്നത്. പരീക്ഷാ നടത്തിപ്പ് നേരിട്ട് വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഇന്നലെ തിരുവനന്തപുരം എസ് എം വി സ്‌കൂളിലെത്തി. പരാതികളൊന്നുമില്ലാതെയാണ് ഇത്തവണ പരീക്ഷ ആരംഭിച്ചത്. പരീക്ഷയെക്കുറിച്ച് ചോദിച്ച മന്ത്രിയോട് സമയക്കുറവിനെ കുറിച്ചാണ് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടത്.ഇത്തവണ എല്ലായിടത്ത് നിന്നും സമയക്കുറവിന്റെ പ്രശ്‌നം കുട്ടികള്‍ അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം അടുത്ത മാസം ഒന്നിന് ആരംഭിക്കുമെന്നും പരീക്ഷാ ഫലം നേരത്തെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് ആദ്യ പരീക്ഷ ആരംഭിച്ചത്. 40 മാര്‍ക്കിനുള്ള 16 ചോദ്യങ്ങളാണ് മലയാളം പരീക്ഷയില്‍ ഉണ്ടായിരുന്നത്. ഒരു മാര്‍ക്കിന്റെ നാലും, രണ്ട് മാര്‍ക്കിന് നാലും, നാല് മാര്‍ക്കിന് നാലും, ആറ് മാര്‍ക്കിന് രണ്ടും ചോദ്യങ്ങളാണുണ്ടായിരുന്നത്. ചോദ്യങ്ങള്‍ ബുദ്ധിമുട്ടിച്ചില്ലെങ്കിലും ഒന്നര മണിക്കൂര്‍ സമയം ഇത്രയും ചോദ്യങ്ങള്‍ക്കുത്തരമെഴുതാന്‍ മതിയാകുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അറബിക് പരീക്ഷയില്‍ അക്ഷരങ്ങളുടെ വലിപ്പം കുറഞ്ഞത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കുട്ടികള്‍ പറഞ്ഞു. അതേ സമയം ശരാശരിക്കാരായവര്‍ക്കു പോലും സംസ്‌കൃതത്തില്‍ 40ല്‍ 35 മാര്‍ക്ക് നേടാവുന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നുവെന്ന് സംസ്‌കൃത അധ്യാപകര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഉപന്യസിക്കാന്‍ ആവശ്യപ്പെടുന്ന എട്ട് ചോദ്യങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ 16 ചോദ്യങ്ങളാക്കിയപ്പോള്‍ ചുരുക്കി ഉത്തരമെഴുതേണ്ടതിന് പോലും കുട്ടികള്‍ ഏറെ എഴുതാന്‍ സമയം വിനിയോഗിച്ചതിനാലാകാം കുട്ടികള്‍ക്ക് എല്ലാത്തിനും ഉത്തരമെഴുതാന്‍ സാധിക്കാതെ വന്നതെന്ന് പരീക്ഷാ സെക്രട്ടറി ജോണ്‍സ് വി ജോണ്‍ പറഞ്ഞു. അതേ സമയം മാതൃകാ പരീക്ഷയില്‍ ഇല്ലാത്ത തരത്തിലുള്ള ചോദ്യങ്ങളായിരുന്നു മലയാളത്തിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ചോദ്യങ്ങളെന്നും, ആറാമത്തെ ചോദ്യമായ കഥകളിയുമായി ബന്ധപ്പെടുന്ന ഭാഗം മലയാളം രണ്ടാം പേപ്പറിലാണ് പഠിക്കാനുള്ളതെന്നും ഒരു വിദ്യാര്‍ഥി പരാതിപ്പെട്ടു.

---- facebook comment plugin here -----

Latest