കാറില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം മറ്റൊരു സംഘം തട്ടിയെടുത്തു

Posted on: March 11, 2013 11:58 pm | Last updated: March 11, 2013 at 11:58 pm
SHARE

കുന്ദംകുളം: കാറില്‍ കടത്തുകയായിരുന്ന 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം വാഹനത്തില്‍ പിന്തുടര്‍ന്ന രണ്ടംഗ സംഘം തട്ടിയെടുത്തു. കേച്ചേരി ബൈപ്പാസ് റോഡില്‍ ചിറനെല്ലൂരില്‍ വെച്ച് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവമുണ്ടായത്.
തൃശ്ശൂരിലേക്കു കൊണ്ടുപോകുകയായിരുന്ന പണമാണ് തട്ടിയെടുത്തത്. കാറില്‍ കുഴല്‍ പ്പണവുമായി യാത്ര ചെയ്യുന്നതിനിടെ മറ്റൊരു വാഹനത്തില്‍ സംഘം പിന്തുടര്‍ന്നെത്തി കാറിനെ മറികടന്ന് തടഞ്ഞു നിര്‍ത്തുകയായിരുന്നു. മുന്നോട്ടു എടുത്ത കാറിനെ സംഘം ഇടിച്ചു തെറിപ്പിച്ചു. തുടര്‍ന്ന് കാറിന്റെ പിന്‍വാതിലിലെ ചില്ലു തകര്‍ത്ത് അമ്പത് ലക്ഷമടങ്ങിയ ബാഗുമായി കടന്നു കളഞ്ഞു.
പണവുമായി യാത്ര ചെയ്തിരുന്ന കോഴിക്കോട് ഫറോഖ് സബീന മന്‍സിലില്‍ ഷാജു(30)വിന്റെ പരാതിയില്‍ കുന്ദംകുളം പോലീസ് കേസെടുത്തു. മറ്റൊരു കുഴല്‍പ്പണ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.