കെ എസ് ആര്‍ ടി സിക്ക് സപ്ലൈകോയില്‍ നിന്ന് ഡീസല്‍ വാങ്ങാന്‍ നിര്‍ദേശം

Posted on: March 11, 2013 11:54 pm | Last updated: March 11, 2013 at 11:54 pm
SHARE

തിരുവനന്തപുരം:ഡീസല്‍ വിലവര്‍ധന മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ പമ്പില്‍ നിന്ന് ഡീസല്‍ വാങ്ങാന്‍ നിര്‍ദേശം. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ദേശം. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ സബ്‌സിഡി എടുത്തു കളഞ്ഞിതനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്.

പ്രതിസന്ധി മറികടക്കാന്‍ മൂന്നിന നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് സമിതി സമര്‍പ്പിച്ചത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ പമ്പുകളില്‍ നിന്ന് നേരിട്ട് ഡീസല്‍ വാങ്ങണമെന്ന നിര്‍ദേശത്തിനാണ് ഇതില്‍ മുന്‍ഗണന. പുറമേ എണ്ണക്കമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പില്‍ നിന്ന് ഡീസല്‍ വാങ്ങണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.
സംസ്ഥാനത്താകെ 17 പമ്പുകള്‍ മാത്രമാണ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ളത്. 89 ഡിപ്പോകളുള്ള കെ എസ് ആര്‍ ടി സിക്ക് ഇത്രയും പമ്പുകളെ മാത്രം ആശ്രയിച്ച് സര്‍വീസ് നടത്തുക പ്രയാസമാണ്.
ഈ സാഹചര്യം കണക്കിലെടുത്താണ് എണ്ണ കമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പുകളെയും പരിഗണിക്കണമെന്ന് സമിതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനും പരിമിതികളുണ്ട്. ഈ രണ്ട് നിര്‍ദേശങ്ങളും നടപ്പാക്കാനാകാത്ത സ്ഥലങ്ങളില്‍ സ്വകാര്യ പമ്പുകളെ ആശ്രയിക്കാമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു.
യൂനിയന്‍ പ്രതിനിധകളും കെ എസ് ആര്‍ ടി സി എം ഡിയും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ അംഗങ്ങളായിരുന്നു. ഡീസല്‍ വില വര്‍ധിക്കുകയും എണ്ണക്കമ്പനികള്‍ കെ എസ് ആര്‍ ടി സിയെ വന്‍കിട ഉപഭോക്താക്കളുടെ ലിസ്റ്റില്‍പ്പെടുത്തുകയും ചെയ്തതോടെയാണ് കെ എസ് ആര്‍ ടി സിയുടെ പ്രതിസന്ധി രൂക്ഷമായത്.
ഇതോടെ പ്രതിദിനം 6,85,500 രൂപ അധികം കണ്ടെത്തേണ്ട ഗതികേടിലാണ് കെ എസ് ആര്‍ ടി സി. പ്രശ്‌നത്തിനു പരിഹാരം കാണുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയെ കണ്ടിരുന്നെങ്കിലും കെ എസ് ആര്‍ ടി സിക്ക് മാത്രമായി ഇളവ് നല്‍കാനാകില്ലെന്നതായിരുന്നു കേന്ദ്ര നിലപാട്.
വന്‍കിട ഉപഭോക്താക്കളുടെ ഗണത്തില്‍പ്പെടുത്തി കഴിഞ്ഞ ജനുവരി 18 നാണ് കെ എസ് ആര്‍ ടി സിക്ക് നല്‍കുന്ന ഡീസല്‍ വില ലിറ്ററിന് 11.54 രൂപയായി വര്‍ധിപ്പിച്ചത്. ഇതിനു ശേഷം രണ്ട് തവണ കൂടി ഡീസല്‍വില വര്‍ധിപ്പിച്ചു.
നിലവില്‍ 66.39 രൂപയാണ് കെ എസ് ആര്‍ ടി സി ഇപ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് നല്‍കേണ്ടി വരുന്നത്. സ്വകാര്യ പമ്പുകളില്‍ 50.12 രൂപയാണ് ഒരു ലിറ്റര്‍ ഡീസല്‍ വില.