സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം

Posted on: March 11, 2013 3:51 pm | Last updated: March 12, 2013 at 3:40 pm
SHARE

pscതിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ മലയാളം നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ ശിപാര്‍ശ പി എസ് സി അംഗീകരിച്ചു. മലയാളം അറിയാത്തവര്‍ക്ക് പി എസ് സി യോഗ്യതാ പരീക്ഷ നടത്താനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മലയാളം പഠിക്കാത്തവര്‍ സര്‍വീസില്‍ പ്രവേശിച്ചാലും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്തു നല്‍കണമെങ്കില്‍ മലയാളത്തിലുള്ള അവരുടെ പരിജ്ഞാനം തെളിയിക്കണമെന്ന സര്‍ക്കാറിന്റെ പുതിയ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. എസ് എസ് എല്‍ സി, പ്ലസ് ടു തലങ്ങളില്‍ മലയാളം പഠിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പി എസ് സി പരീക്ഷ നടത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച സബ് കമ്മിറ്റി നേരത്തെ പി എസ് സിയോട് ശിപാര്‍ശ ചെയ്തിരുന്നു.

എസ് എസ് എല്‍ സി നിലവാരത്തിലുള്ളതാകും ഭാഷാ പരിജ്ഞാന പരീക്ഷ. മലയാളം പഠിക്കാതിരുന്നവര്‍ക്ക് പി എസ് സി വഴി ജോലിക്ക് അപേക്ഷിക്കുന്നതിന് തടസ്സമുണ്ടാകില്ല. എന്നാല്‍, ജോലിയില്‍ തുടരുന്നതിനും പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനും ഭാഷാ പരീക്ഷ വിജയിക്കണം. മലയാള ഭാഷാ പരിജ്ഞാനം കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കുള്ള അനിവാര്യ യോഗ്യതയാക്കണമെന്ന് സംസ്ഥാന സാംസ്‌കാരിക നയത്തില്‍ ശിപാര്‍ശ ചെയ്തിരുന്നു.