Connect with us

National

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിരിച്ചടി

Published

|

Last Updated

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ട് മാസം മാത്രം ശേഷിക്കെ കര്‍ണാടകയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി ജെ പിക്ക് തിരിച്ചടി. ഭൂരിപക്ഷം സീറ്റുകളും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് നേടി. ബി ജെ പിയില്‍ നിന്ന് രാജിവെച്ച് പുതിയ പാര്‍ട്ടി രൂപവത്കരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ബി എസ് യഡിയൂരപ്പക്കും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ല.
ആകെയുള്ള 4906 വാര്‍ഡുകളില്‍ 1909ഉം കോണ്‍ഗ്രസ് പിടിച്ചെടുത്തു. ബി ജെ പിക്കും എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ സെക്കുലറിനും 906 വീതം സീറ്റുകള്‍ വീതം ലഭിച്ചു. യഡിയൂരപ്പയുടെ കര്‍ണാടക ജനതാ പാര്‍ട്ടിക്ക് 272 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ ഡിസംബറിലാണ് യഡിയൂരപ്പ ബി ജെ പി വിട്ട് പുതിയ പാര്‍ട്ടി രൂപവത്കരിച്ചത്. ബി ജെ പി മുന്‍ മന്ത്രിയായിരുന്ന ബി ശ്രീരാമുലുവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് എണ്‍പത് സീറ്റുകളാണ് ലഭിച്ചത്. ഖനന അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ജി ജനാര്‍ദന റെഡ്ഢിയുടെ അടുത്ത അനുയായിയാണ് ശ്രീരാമുലു.
ഗ്രാമ പ്രദേശങ്ങളിലാണ് ബി ജെ പിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിച്ചത്. നഗര പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. തീരദേശ കര്‍ണാടകയില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ബി ജെ പിക്ക് സാധിച്ചില്ല. അറുപത് സീറ്റുള്ള മംഗലാപുരം കോര്‍പറേഷന്‍ 35 സീറ്റ് നേടി കോണ്‍ഗ്രസ് പിടിച്ചെടുത്തു. റെഡ്ഢി സഹോദരന്മാരുടെ ശക്തികേന്ദ്രമായ ബെല്ലാരി കോണ്‍ഗ്രസ് നേടി. ഹൂബ്ലി- ദര്‍വാഡ് കോര്‍പറേഷന്‍ ബി ജെ പി നേടി. ബി ജെ പി സംസ്ഥാന പ്രസിഡന്റായിരുന്ന കെ എസ് ഈശ്വരപ്പയുടെ ജന്മസ്ഥലമായ ഷിമോഗയില്‍ ബി ജെ പിക്ക് തിരിച്ചടി നേരിട്ടു. ഇവിടെ നാലാം സ്ഥാനത്താണ് ബി ജെ പി. ആര്‍ക്കും കേവല ഭൂരിപക്ഷം ഇവിടെ ലഭിച്ചില്ലെങ്കിലും 176ല്‍ 64 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മൈസൂരു, ഗുല്‍ബര്‍ഗ എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ഏഴ് സിറ്റി കോര്‍പറേഷന്‍, 43 സിറ്റി മുനിസിപ്പല്‍ കോര്‍പറേഷന്‍, 65 ടൗണ്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍, 93 ടൗണ്‍ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 2007ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 1100 സീറ്റുകള്‍ ബി ജെ പി നേടിയിരുന്നു. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുകയും ചെയ്തു. 1,600 സീറ്റുകളാണ് അന്ന് കോണ്‍ഗ്രസ് നേടിയിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സെമി ഫൈനല്‍ മത്സരമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.

Latest