നീതിനിര്‍വഹണത്തിലെ കാലതാമസം

Posted on: March 11, 2013 11:27 am | Last updated: March 14, 2013 at 10:00 am
SHARE

SIRAJ.......നീതി നടപ്പാക്കുന്നതിലെ കാലതാമസം നീതിനിഷേധം പോലെ ഉത്കണ്ഠയുളവാക്കുന്ന കാര്യമാണ്. ജനകീയ ആവലാതികള്‍ക്കും വേവലാതികള്‍ക്കും പരിഹാരം നിര്‍ദേശിക്കുന്നതിലും ജനാധിപത്യത്തിന്റെ അന്തഃസത്ത കാത്തുസൂക്ഷിക്കുന്നതിലും അനുഗുണമായ നിലപാടുകള്‍ സ്വീകരിച്ചുപോന്ന ഇന്ത്യന്‍ ജുഡീഷ്യറി വിവിധ കാരണങ്ങളാല്‍ നീതിനിഷേധവും നീതി നിര്‍വഹണത്തില്‍ കാലതാമസവും പതിവാക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ജുഡീഷ്യറിയും ഭരണകൂടവും ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ഏറെ പിന്നാക്കമാണ്. രാജ്യത്ത് വിവിധ കോടതികളിലായി മൂന്ന് കോടിയിലേറെ കേസുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നതായാണ് സ്ഥിതി വിവരക്കണക്കുകള്‍ ഉദ്ധരിച്ച് കേന്ദ്ര നിയമമന്ത്രി അശ്വിന്‍ കുമാര്‍ ലോക്‌സഭയില്‍ പറഞ്ഞത് .സ്ഥിതി അത്യന്തം ഉത്കണ്ഠാജനകമാണെന്ന് സമ്മതിച്ച മന്ത്രി ഈ അശുഭകരമായ സാഹചര്യം ഒഴിവാക്കാന്‍ ചില നടപടികള്‍ നിര്‍ദേശിക്കുകയുമുണ്ടായി.
ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നാണ് ആപ്ത വാക്യം. എന്നാല്‍ നീതി നിഷേധവും കേസ് നടത്തിപ്പിലെ കാലതാമസവും മൂലം വര്‍ഷങ്ങളോളം കാരാഗൃഹത്തില്‍ ജീവിതം തള്ളിനീക്കേണ്ട ഹതഭാഗ്യരുടെ നാടെന്ന വിശേഷണവും ലോകത്തിന് മാതൃകയാകേണ്ട നമുക്ക് കൈവരികയാണ്.
വ്യവഹാര കൂമ്പാരങ്ങള്‍ കോടതികളില്‍ കുമിഞ്ഞുകൂടാന്‍ കാരണമന്വേഷിക്കുമ്പോഴൊക്കെ ചെന്നെത്തുന്നത് കോടതികളും ന്യായാധിപന്മാരും അവരെ സഹായിക്കാനുള്ള ജീവനക്കാരും ആവശ്യത്തിനില്ലെന്ന വിലയിരുത്തലിലാണ്. പിന്നെ രാഷ്ട്രീയമായ കാരണങ്ങളും. എന്നാല്‍ ജുഡീഷ്യല്‍ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തിയാല്‍ ഒരു പരിധി വരെ ഈ കാലതാമസം ഒഴിവാക്കാന്‍ സാധിക്കുമെന്ന് കണ്ടെത്താന്‍ തലപുകഞ്ഞാലോചിക്കേണ്ടതില്ല.
ജുഡീഷ്യല്‍ സംവിധാനത്തില്‍ അഴിച്ചുപണി ആവശ്യമാണെന്ന് നിയമ മന്ത്രിമാര്‍ നാഴികക്ക് നാല്‍പ്പത് വട്ടം ആവര്‍ത്തിക്കാറുണ്ട് . കേന്ദ്രമന്ത്രി അശ്വിന്‍കുമാറിന്റെ പ്രസ്താവന അധരവ്യായാമമല്ലെന്ന് തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിന് തന്നെയാണ്. വ്യവഹാരങ്ങള്‍ തീര്‍പ്പാക്കുന്നതിന് വേഗം കൂട്ടാന്‍ ആവശ്യത്തിന് ജഡ്ജിമാരെ നിയമിക്കുക , കോടതികള്‍ ആധുനികവത്കരിക്കുക, കേസുകള്‍ മനഃപൂര്‍വം നീട്ടിക്കൊണ്ടുപോകുന്ന അന്വേഷണ ഏജന്‍സികളെയും സംവിധാനങ്ങളെയും നിലക്കു നിര്‍ത്തുക എന്നീ കാര്യങ്ങള്‍ ഭരണകൂടവും ജുഡീഷ്യറിയും രാഷ്ട്രീയ നേതൃത്വവും മനസ്സ് വെച്ചാല്‍ നേരെയാക്കാവുന്നതേയുള്ളൂ. പതിനായിരക്കണക്കിന് ജീവനക്കാരുടെ ഒഴിവുകളാണ് വിവിധ കോടതികളിലുള്ളത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ കോടതികള്‍ അടച്ചിടേണ്ട സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള നിഷ്‌ക്രിയത്വം മൂലം നീതി വൈകുന്ന സാഹചര്യമുണ്ടായിക്കൂടാ.
ഓരോ കോടതിമുറിയിലും കൂമ്പാരമായി കിടക്കുന്ന കേസുകെട്ടുകള്‍ നിരവധി ജീവിതപ്രശ്‌നങ്ങളാണ്. ഇവ എത്രകാലം കോടതി മുറിയോടനുബന്ധിച്ചുള്ള അലമാരയില്‍ കെട്ടിക്കിടക്കുന്നുവോ അത്രയും കാലം കുറ്റാരോപിതരായ സഹജീവികളുടെ യാതനകളും വേദനകളും അവസാനിക്കുന്നില്ല.
2013 ജനുവരി 31 വരെയുള്ള കണക്കനുസരിച്ച്, സുപ്രീം കോടതിയില്‍ മാത്രം 66,569 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇവയില്‍ പല കേസുകളും കീഴ്‌ക്കോടതികളില്‍ ഏറെക്കാലത്തെ നിയമപോരാട്ടങ്ങള്‍ക്കുശേഷം പരിഗണനക്കെത്തിയവയാണ്. സുപ്രധാന ഉത്തരവുകളാണ് ഇവയിലോരോന്നിലും കാത്തിരിക്കുന്നത്. അതിനാല്‍ തന്നെ വിശദമായ വാദങ്ങളും വിലയിരുത്തലുകളും വേണ്ടിവരും. രാജ്യത്തെ എല്ലാ ഹൈക്കോടതികളും 11,000 ലേറെ കീഴ്‌ക്കോടതികളും കമ്പ്യൂട്ടര്‍വത്കരിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ നല്ലൊരു പങ്ക് കോടതികളും പഴകിപ്പൊളിഞ്ഞ കെട്ടിടങ്ങളിലാണ് ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല, പ്രാകൃത രീതികളാണ് ഇവയില്‍ മിക്കവയിലും ഇപ്പോഴും തുടരുന്നതെന്നതാണ് വസ്തുത.
കേരളത്തിലാകട്ടെ 418 കീഴ്‌ക്കോടതികളിലായി 11 ലക്ഷത്തോളം കേസുകള്‍ കെട്ടിക്കിടപ്പുണ്ടെന്നാണ് കണക്ക് . ഇരുപത് കൊല്ലത്തിനിടയില്‍ കേസുകളുടെ കാര്യത്തില്‍ മൂന്നര ഇരട്ടി വര്‍ധനവാണുണ്ടായിട്ടുള്ളത്. കേരളത്തില്‍ വ്യവഹാരങ്ങള്‍ തീര്‍പ്പാക്കുന്നിതിന് വേഗം കൂട്ടാന്‍ 104 പുതിയ കോടതികള്‍ കൂടി ആരംഭിക്കണമെന്നാണ് കഴിഞ്ഞ വര്‍ഷം ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീം കോടതിക്കു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. സംസ്ഥാന സര്‍ക്കാറുമായി ഹൈക്കോടതി അധികൃതര്‍ പല തവണ ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും നടപടികളായിട്ടില്ല. സംസ്ഥാനത്ത് ആയിരത്തിലധികം കോടതി ജീവനക്കാരുടെ കുറവാണുള്ളത് . ഇത് മുഖ്യ ന്യായാധിപന്മാര്‍ പരസ്യമായി തന്നെ പല ഘട്ടങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. കമ്പ്യൂട്ടര്‍വത്കരണം അതിവേഗം വിവിധ തലങ്ങളില്‍ വ്യാപൃതമാകുമ്പോള്‍ ഇ- കോര്‍ട്ട് സംവിധാനം ഹൈക്കോടതികള്‍ക്ക് പുറത്ത് പരീക്ഷിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
വിചാരണത്തടവുകാരനായി ദീര്‍ഘകാലം കുറ്റാരോപിതരെ തടവറക്കുള്ളില്‍ തളച്ചിടുന്ന കുറ്റകരമായ സാഹചര്യവും നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ ബലഹീനതയായി ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു. തീവ്രവാദക്കുറ്റമാരോപിച്ച് അനേകം വര്‍ഷം തടവറയിലകപ്പെട്ട നിരവധി പേരുണ്ട് രാജ്യത്തെ വിവിധ ജയിലുകളില്‍. കുറ്റപത്രം ലഭിച്ചാല്‍ മാത്രമേ ഇവര്‍ക്ക് ജാമ്യം പോലും ലഭിക്കുകയുള്ളൂവെന്നതിനാല്‍ ഇക്കാര്യത്തിലുണ്ടാകുന്ന കാലതാമസം നീതിനിഷേധം തന്നെയാണ്. വിചാരണക്കൊടുവില്‍ നിരപരാധിത്വം തെളിഞ്ഞാല്‍ പോലും അനേകം വര്‍ഷം കാരാഗൃഹത്തില്‍ ഹോമിക്കപ്പെടുകയാകും ഇവരുടെ ജീവിതം. കാതലായ അഴിച്ചുപണിയിലൂടെ നീതിന്യായ സംവിധാനം പരിഷ്‌കരിക്കുകയും കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ജനാധിപത്യം സാര്‍ഥകമാകുകയുള്ളൂ. ഇതിനായി ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും മനസ്സ് വെക്കണം.