സന്തോഷ്‌ട്രോഫി: കളിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി

Posted on: March 11, 2013 11:01 am | Last updated: March 11, 2013 at 11:01 am
SHARE

Santosh_Trophy_2011കൊച്ചി: 67 -ാമത് സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സ് അപ്പായ കേരളാ ടീമിന് കൈനിറയെ സമ്മാനങ്ങളും സര്‍ക്കാര്‍ ജോലി വാഗ്ദാനവും. ഇക്കൊല്ലം സെപ്തംബര്‍ മുതല്‍ 2014 മാര്‍ച്ച് വരെ കൊച്ചി ഫുട്‌ബോള്‍ മേളകള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്നും കെ എഫ് എ സൂചന നല്‍കി.
സന്തോഷ് ട്രോഫി റണ്ണേഴ്‌സ് അപ്പായ കേരള ടീമിന് പ്രിന്‍സിപ്പല്‍ സ്‌പോണ്‍സര്‍മാരായ രാംകോ സിമന്റ്‌സ് നല്‍കിയ സ്വീകരണ വേളയിലായിരുന്നു കേരള ഫുട്‌ബോളിന്റെ കുതിച്ചു ചാട്ടത്തിന് പ്രചോദനമാകുന്ന പ്രഖ്യാപനങ്ങള്‍.
ടീമിലെ തൊഴില്‍രഹിതരായ മൂന്ന് കളിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് സംസ്ഥാന തുറമുഖ എക്‌സൈസ് മന്ത്രി കെ ബാബു പ്രഖ്യാപിച്ചു. മുഖ്യമന്ത്രി, കായിക മന്ത്രി, കെ എഫ് എ ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. രാംകോ സിമന്റ്‌സ് പ്രസിഡന്റ് മാര്‍ക്കറ്റിംഗ് ബാലാജി കെ മൂര്‍ത്തി കേരള ടീമിലെ ഓരോ കളിക്കാരനും 30000 രൂപയും ഉപഹാരവും സമ്മാനിച്ചു.
എം എല്‍ എ മാരായ ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍, അന്‍വര്‍ സാദത്ത്, ജി സി ഡി എ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, രാംകോ സിമന്റ്‌സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കേരള പി വിശ്വനാഥന്‍, സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ കെ ഗോപകുമാര്‍, എ ഐ എഫ് എഫ് വൈസ് പ്രസിഡന്റും കെ എഫ് എ പ്രസിഡന്റുമായ കെ എം ഐ മേത്തര്‍, കെ എഫ് എ ജനറല്‍ സെക്രട്ടറി പി അനില്‍ കുമാര്‍, സന്തോഷ് ട്രോഫി ജനറല്‍ കോ – ഓഡിനേറ്റര്‍ ബാബു മേത്തര്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
കേരളത്തിലെ ഒരു കായിക മേളക്ക് വലിയ തോതില്‍ രാംകോ സൂപ്പര്‍ ഗ്രേഡ് സിമന്റ് പങ്കാളിത്തം വഹിക്കുന്നത് ഇതാദ്യമാണ്. കേരള ഫുട്‌ബോള്‍ അസോസിയേഷനുമായി കൈകോര്‍ത്തു കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കത്തിന് രാംകോ പ്രിന്‍സിപ്പല്‍ സ്‌പോണ്‍സര്‍മാരാകുകയായിരുന്നു.
സ്‌പോണ്‍സര്‍ഷിപ്പിനൊപ്പം രാംകോയുടെ സമാനതകള്‍ ഇല്ലാത്ത മാര്‍ക്കറ്റിംഗ് ടീമിന്റെ അത്യുജ്ജ്വല പിന്തുണ ടീമിനും ടൂര്‍ണമെന്റിനും സംഘാടക സമിതിക്കും പകര്‍ന്ന ആത്മവിശ്വാസം വലുതാണെന്ന് കെ എം ഐ മേത്തര്‍ ചൂണ്ടിക്കാട്ടി.