Connect with us

Kerala

മുന്‍ മന്ത്രിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തുടര്‍നടപടിയില്ല

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തുണിമില്ലുകള്‍ ആരംഭിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ യു ഡി എഫ് സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആക്ഷേപം. മുന്‍ വ്യവസായ മന്ത്രിക്കും ഓഫീസിനുമെതിരെയുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അവഗണിച്ചത്. 23 കോടി രൂപയുടെ ക്രമക്കേട് നടന്നതായി പരിശോധനാ വിഭാഗം കണ്ടെത്തിയ ശേഷം ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു മാസങ്ങളായിട്ടും നടപടിയായില്ലെന്നാണ് ആക്ഷേപം.
സംസ്ഥാനത്ത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ കാലാവധി അവസാനിക്കാറായപ്പോഴാണ് കാസര്‍കോട് ഉദുമ സ്പിന്നിംഗ് മില്‍, പിണറായി ഹൈടെക് വീവിംഗ് മില്‍, ആലപ്പുഴ കോമളപുരം സ്പിന്നിംഗ് ആന്‍ഡ് വീവിംഗ് മില്‍ എന്നിവ തുടങ്ങിയത്. ഇതിന്റെ മറവില്‍ 23 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയത്. കൂടിയ നിരക്കില്‍ യന്ത്ര സാമഗ്രികള്‍ വാങ്ങിയ വകയില്‍ 14.15 കോടി രൂപയുടെയും കെട്ടിടനിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ചതിലൂടെ 9.59 കോടി രൂപയുടെയും സാമ്പത്തികനഷ്ടം സര്‍ക്കാറിനുണ്ടായി.
മൂന്ന് മില്ലുകളുടെയും കെട്ടിടം പണി പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ യന്ത്രങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നതായും പരിശോധനയില്‍ തെളിഞ്ഞു. എന്നാല്‍, മില്ലുകളുടെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതിനിടെ യന്ത്രങ്ങളുടെ വാറന്റി സമയം കഴിയുകയും ചെയ്തു. ഉദുമ, പിണറായി മില്ലുകളെ കെട്ടിട നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടികളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയെന്നും കോമളപുരം മില്ലിന്റെ കെട്ടിട നിര്‍മാണത്തില്‍ എസ്റ്റിമേറ്റിനേക്കാള്‍ 48.52 ശതമാനം തുക അധികമായി അനുവദിച്ചുവെന്നും ധനകാര്യ പിരശോധനാ വിഭാഗം കണ്ടെത്തി. ഇതിന് അനുമതി നല്‍കിയ സമിതിയില്‍ അംഗങ്ങളായിരുന്ന ചെയര്‍മാന്‍ പി നന്ദകുമാര്‍, എം ഡി. എം ഗണേഷ്, വ്യവസായ അഡീഷനല്‍ സെക്രട്ടറി പി എ ഇസ്ഹാഖ് എന്നിവരടങ്ങിയ ഉപസമിതിക്ക് നഷ്ടം വരുത്തിയതില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
തത്സ്ഥാനത്ത് തുടരുന്ന എം ഡിയെ മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്നത്തെ വ്യവസായ മന്ത്രിയുടെയും കോര്‍പറേഷന്‍ എം ഡിയുടേയും പങ്ക് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ധനകാര്യ പരിശോധനാ വിഭാഗം ശിപാര്‍ശ ചെയ്തിരുന്നു.