Connect with us

Kerala

ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിച്ചതോടെ ഉപഭോഗം കൂടി

Published

|

Last Updated

തിരുവനന്തപുരം: ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുത്തനെ കൂടി. ലോഡ് ഷെഡ്ഡിംഗ് സമയത്ത് പ്രതിദിന ഉപയോഗം 54 ദശലക്ഷം യൂനിറ്റായിരുന്നെങ്കില്‍ കഴിഞ്ഞയാഴ്ച ഇത് 60.7 ദശലക്ഷം യൂനിറ്റിലെത്തി. ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ ആഭ്യന്തര ഉത്പാദനം വീണ്ടും കുറച്ചിരിക്കുകയാണ്.
പുതിയ സാഹചര്യം വിലയിരുത്താല്‍ ഈ ആഴ്ച ഫുള്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ലോഡ് ഷെഡ്ഡിംഗ് പിന്‍വലിച്ചതിനു ശേഷമുള്ള സ്ഥിതിയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. 54 ദശലക്ഷം യൂനിറ്റായിരുന്നു ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിച്ചതിന്റെ പിറ്റേ ദിവസമായ മാര്‍ച്ച് മൂന്നിലെ ഉപയോഗം. എന്നാല്‍, പിന്നീട് ഇത് 57.9 ദശലക്ഷം യൂനിറ്റായും ഏഴിന് 60.7 ദശലക്ഷം യൂനിറ്റായും ഉയര്‍ന്നു. എട്ടാം തീയതിയിലെ ഉപയോഗം 60.1 ദശലക്ഷം യൂനിറ്റായിരുന്നു. ഒമ്പതിന് ചില സ്ഥലങ്ങളില്‍ മഴ ലഭിച്ചതിനെത്തുടര്‍ന്ന് ഉപയോഗം 57 ദശലക്ഷം യൂനിറ്റായി കുറഞ്ഞു.
ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിച്ചതിനെത്തുടര്‍ന്ന് ആഭ്യന്തര ഉത്പാദനം പരമാവധി വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പുറത്തുനിന്നും വൈദ്യുതി ലഭിച്ചുതുടങ്ങിയതിനെത്തുടര്‍ന്ന് പ്രതിദിന ഉത്പാദനം 14 ദശലക്ഷം യൂനിറ്റില്‍ നിന്ന് 12 ദശലക്ഷം യൂനിറ്റായി കുറച്ചിട്ടുണ്ട്.
ആറ് മെഗാവാട്ട് വൈദ്യുതി സെന്‍ട്രല്‍ സ്റ്റേഷനുകളില്‍ നിന്ന് ഉറപ്പായിട്ടുണ്ട്. യൂനിറ്റിന് ആറിനും ഏഴിനും ഇടയിലാണ് വില. കേന്ദ്ര വിഹിതമായി 2.4 മെഗാവാട്ട് വൈദ്യുതികൂടി ലഭിക്കുന്നത് പ്രതിസന്ധിക്കിടയില്‍ ബോര്‍ഡിന് താത്കാലികാശ്വാസമാകും.