Connect with us

Editors Pick

സ്ത്രീ സുരക്ഷയുടെ 'കുടുംബശ്രീ'ക്ക് പതിനഞ്ച് വയസ്സ്

Published

|

Last Updated

01KI-KUDUM_1225360fകണ്ണൂര്‍: ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് ആവിഷ്‌കരിച്ച കുടുംബശ്രീ സംവിധാനത്തിന് പതിനഞ്ച് വയസ്സ്. 1998ല്‍ നിലവില്‍ വന്ന നൂതനപദ്ധതിയായ കുടുംബശ്രീ സ്ത്രീകളുടെ ശാക്തീകരണം, സാമ്പത്തിക, സാമൂഹിക ഉന്നമനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് നടപ്പാക്കിയത്.
ഒന്നര പതിറ്റാണ്ട് മുമ്പ് ആവിഷ്‌കരിച്ച ഈ പദ്ധതി പിന്നീട് ദേശത്തിന് തന്നെ മാതൃകയായി മാറുകയായിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘങ്ങളുള്‍പ്പെടെ കേരളാ മോഡല്‍ കുടുംബശ്രീയെ പറ്റി പഠിക്കാന്‍ ഇപ്പോഴും സംസ്ഥാനത്ത് എത്തിക്കൊണ്ടേയിരിക്കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജന മിഷന് കീഴിലുള്ള കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ 38 ലക്ഷം കുടുംബങ്ങള്‍ നിലവില്‍ അംഗങ്ങളായുണ്ട്. ഓരോ കുടുംബങ്ങത്തില്‍ നിന്നും ഓരോ വനിത ഉള്‍പ്പെടുന്ന 2,15,666 അയല്‍ക്കൂട്ടങ്ങളും ഇവയെ ഏകോപിപ്പിച്ചു കൊണ്ട് 19,770 ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റികളും 1072 കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളും കുടുംബശ്രീ സംഘടനാ സംവിധാനത്തിന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്. കുടുംബശ്രീ മൈക്രോ ഫിനാന്‍സ്, ലിങ്കേജ് ബേങ്കിംഗ്, മൈക്രോ സംരംഭങ്ങള്‍, അമൃതം ഫുഡ് സപ്ലിമെന്റ്, ആശ്രയ അഗതി കുടുംബങ്ങളുടെ പുനരധിവാസ പദ്ധതി, ബാല സഭ, ശാരീരിക – മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ സ്‌പെഷ്യല്‍ സ്‌കൂള്‍, സാന്ത്വനം, സമഗ്രപ്രാദേശിക ഉത്പാദന – വിപണന ശൃംഖല, സ്ത്രീപദവി സ്വയംപഠന പ്രക്രിയ, വിപണനത്തിനുള്ള പുതിയ പദ്ധതികള്‍, സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ്(എം ഇ സി) പരിശീലനം, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്/സംഘകൃഷി, പട്ടികജാതി – പട്ടികവര്‍ഗ മേഖല, പ്രത്യേക അയല്‍ക്കൂട്ടം, ഉത്തരവാദിത്വ ടൂറിസം എന്നിവയാണ് കുടുംബശ്രീയുടെ പ്രധാന പദ്ധതികള്‍.

kudumbaSree logoഒന്നര പതിറ്റാണ്ട് മുമ്പ് സമൂഹത്തിന്റെ പിന്നാമ്പുറത്ത് ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീസമൂഹം കുടുംബശ്രീ പദ്ധതിയുടെ വരവോടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തുകയും ഊര്‍ജസ്വലമായ പ്രവര്‍ത്തനത്തിന്റെ ഫലമായി കുടുംബങ്ങളുടെ ദൈനംദിന കാര്യങ്ങളില്‍ സജീവ ഇടപെടല്‍ നടത്തിയതായും ഇതുസംബന്ധിച്ച പഠനം വെളിപ്പെടുത്തുന്നുണ്ട്. ദാരിദ്ര്യത്തെ പടിക്ക് പുറത്ത് നിര്‍ത്തിയതായാണ് സ്ത്രീ സമൂഹത്തിന്റെ അനുഭവസാക്ഷ്യം. ആഴ്ചയിലൊരിക്കല്‍ സംഗമിക്കുന്ന കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി സംസ്ഥാനത്ത് 1508.81 കോടി രൂപ നിക്ഷേപ സമാഹരണം നടത്തുകയും 6370 കോടി രൂപ വായ്പയായി നല്‍കുന്ന മൈക്രോ ഫിനാന്‍സ് സംരംഭം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ലഘു സമ്പാദ്യത്തെ മൂലധന നിക്ഷേപമാക്കി മാറ്റിക്കൊണ്ട് ബേങ്ക് ലിങ്കേജ് പ്രോഗ്രാമിലൂടെ 1231 കോടി രൂപ 77409 അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് മൈക്രോ സംരംഭങ്ങള്‍ക്ക് കീഴില്‍ അമ്പതിനായിരം ചെറു സംരംഭങ്ങളും പദ്ധതി വിഹിതം ഉപയോഗിച്ച് ഗ്രാമീണ മേഖലയില്‍ 13,006 ഗ്രൂപ്പ് സംരംഭങ്ങളും 3903 വ്യക്തിഗത സംരംഭങ്ങളും നഗരപ്രദേശങ്ങളില്‍ 12,000 ഗ്രൂപ്പ് സംരംഭങ്ങളും 25,000 വ്യക്തിഗത സംരംഭങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്.
കുടുംബശ്രീ സംവിധാനം നിലവില്‍ വന്നത് മുതല്‍ സര്‍ക്കാറിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പ് പ്രകാരം അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീ സംവിധാനം നടപ്പായതോടെ കുടുംബങ്ങളിലെ പട്ടിണിക്ക് അറുതി വരുത്താനായെന്നും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനായത് സമൂഹത്തിന്റെ വികസന-സാമൂഹിക സാമ്പത്തിക മേഖലയില്‍ ഇടപെടല്‍ സാധ്യമാക്കിയെന്നുമാണ് സാമൂഹിക ക്ഷേമ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കുടുംബശ്രീ സംവിധാനത്തെ പിന്‍പറ്റി വിവിധ സംവിധാനങ്ങള്‍ തുടങ്ങിയെങ്കിലും ഇവക്കൊന്നും കുടുംബശ്രീക്ക് വെല്ലുവിളി ഉയര്‍ത്താനുമായില്ല.