ബിറ്റിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ രാജസ്ഥാന്‍ പോലീസ് ഇന്ന് കണ്ണൂരില്‍

Posted on: March 11, 2013 7:55 am | Last updated: March 11, 2013 at 8:32 am
SHARE

Bitty Mohenthy-knrr-കണ്ണൂര്‍: അല്‍വാര്‍ പീഡന കേസില്‍ പിടിയിലായ ബിറ്റി ഹോത്ര മൊഹന്തിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ രാജസ്ഥാന്‍ പോലീസ് സംഘം ഇന്ന് കണ്ണൂരിലെത്തും. ജയ്പൂര്‍ സിറ്റിയിലെ ലാല്‍കോട്ട് സി ഐ. സമ്പത്ത് സിംഗിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ബിട്ടിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള വാറന്റുമായി എത്തുക. കസ്റ്റഡിയില്‍ വേണമെന്ന പഴയങ്ങാടി പോലീസിന്റെ അപേക്ഷ കോടതി പരിഗണിച്ചിരുന്നില്ല. ഈ ആവശ്യമുന്നയിച്ച് ഇന്ന് വീണ്ടും കോടതിയെ സമീപിക്കും. എസ് ബി ടി മാടായി ശാഖയില്‍ പ്രൊബേഷണറി ഓഫീസറായി ഒമ്പത് മാസമായി ജോലി ചെയ്തു വരുന്നതിനിടെ ശനിയാഴ്ചയാണ് ബിറ്റി പോലീസിന്റെ പിടിയിലായത്.
വ്യാജരേഖ ചമച്ചും ആള്‍മാറാട്ടം നടത്തിയും ജോലി സമ്പാദിച്ചതിനാണ് പഴയങ്ങാടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് എം സ്മിതക്കു മുമ്പാകെ ഹാജരാക്കിയ ബിറ്റിയെ ഈ മാസം 23 വരെ കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കുകകയാണ്. വ്യാജരേഖ കേസില്‍ ബിറ്റിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കണ്ണൂര്‍ പോലീസും കോടതിയില്‍ ഹരജി നല്‍കും. വിട്ടുകിട്ടിയാല്‍ രാജസ്ഥാന്‍- കണ്ണൂര്‍ പോലീസ് സംയുക്തമായി ഇയാളെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
കൂടുതല്‍ തെളിവെടുപ്പിനും വിവര ശേഖരണത്തിനുമായി ബിറ്റി താമസിച്ച ഹോസ്റ്റല്‍, വീട്, പഠിച്ച കോളജ്, ജോലി ചെയ്ത ബേങ്ക്, ലോഡ്ജ് എന്നിവിടങ്ങളില്‍ എത്തിക്കേണ്ടതുണ്ട്. ഇയാളുടെ കൈവശമുള്ള ഡ്രൈവിംഗ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയെല്ലാം യഥാര്‍ഥമാണോയെന്നും സ്ഥിരീകരിക്കാനുണ്ട്. ബിറ്റിയെ ഒഡീഷയിലെ വീട്ടിലെത്തിച്ചും തെളിവെടുക്കും. ഇന്റര്‍നെറ്റിലെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് ബിറ്റിയെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ബേങ്കിലേക്ക് വന്ന അജ്ഞാത കത്താണ് കള്ളി വെളിച്ചത്താക്കിയത്.
2006 മാര്‍ച്ച് 21ന് രാജസ്ഥാനിലെ അല്‍വാറിലെ ഹോട്ടല്‍മുറിയില്‍ ഗവേഷണ വിദ്യാര്‍ഥിനിയായ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് ബിറ്റിക്കെതിരെയുള്ള കേസ്. ഒഡീഷയിലെ മുന്‍ ഡി ജി പി. ബി ബി മൊഹന്തിയുടെ മകന്‍ കൂടിയായ ബിറ്റിയെ ഏഴ് വര്‍ഷം തടവിനാണ് ശിക്ഷിച്ചിരുന്നത്. ജയില്‍ ശിക്ഷ അനുഭവിച്ചുവരവെ പരോളില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. രാജസ്ഥാന്‍ പോലീസിന് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് 2006 ഡിസംബറില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഒഡീഷ-രാജസ്ഥാന്‍ പോലീസ് സംയുക്തമായി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ബിറ്റിയെ രക്ഷപ്പെടുത്താനും പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയാനും ഇടയായ സാഹചര്യം ജയ്പൂര്‍ പോലീസ് വിശദമായി പരിശോധിക്കും. ഇതില്‍ ബി ബി മൊഹന്തിയുടെ പങ്കും സാമ്പത്തിക ഉറവിടങ്ങളും അന്വേഷിക്കും.