ഡല്‍ഹി കൂട്ട മാനഭംഗം: മുഖ്യപ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

Posted on: March 11, 2013 8:18 am | Last updated: March 14, 2013 at 9:57 am
SHARE

ramsingh

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ട മാനഭംഗ കേസിലെ മുഖ്യപ്രതിയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാം സിംഗ് (33) എന്നയാളെയാണ് തിഹാര്‍ ജയിലിലെ മൂന്നാം നമ്പര്‍ ജയിലിലെ അഞ്ചാം നമ്പര്‍ വാര്‍ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതീവ ഗൗരവമുള്ള കേസുകളിലെ പ്രതികളെയാണ് മൂന്നാം നമ്പര്‍ ജയിലില്‍ പാര്‍പ്പിക്കാറുള്ളത്. അതുകൊണ്ടു തന്നെ മറ്റു സെല്ലുകളിലേതിനേക്കാള്‍ കൂടുതല്‍ സുരക്ഷ ഈ സെല്ലിന് ഉണ്ട്. എന്നിട്ടും പ്രതിക്ക് എങ്ങനെ ജീവനൊടുക്കാനായി എന്നത് ദുരൂഹമാണ്.

സ്വന്തം വസ്ത്രം ഉപയോഗിച്ച് സെല്ലിലെ ജനലഴിയില്‍ തൂങ്ങിയ നിലയിലായിരുന്നു ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇപ്പോള്‍ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മജിസ്‌ട്രേറ്റുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് ഡല്‍ഹി പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായ ബസിന്റെ ഡ്രൈവറായിരുന്നു രാം സിംഗ്. ആറ് പ്രതികളുള്ള കേസില്‍ ഇയാളുടെ സഹോദരന്‍ മുകേഷ് ഉള്‍പ്പെടെ മറ്റു അഞ്ച് പേര്‍ കൂടി വിചാരണ നേരിടുന്നുണ്ട്. ആറാം പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെയാണ് വിസ്തരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.