Connect with us

Kerala

ഏപ്രില്‍ ഒന്ന് മുതല്‍ വൈദ്യുതി ബോര്‍ഡ് കമ്പനിയാകും

Published

|

Last Updated

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. ചീഫ് സെക്രട്ടറി അധ്യക്ഷനായി സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച ഉന്നതതല സമിതി അവസാനവട്ട ചര്‍ച്ചകള്‍ തുടങ്ങി. ബോര്‍ഡിലെ തൊഴിലാളി സംഘടനകള്‍ ഇന്നും നാളെയുമായി തങ്ങളുടെ അഭിപ്രായം സമിതിയെ അറിയിക്കും. കമ്പനിയാകുമ്പോള്‍ രൂപവത്കരിക്കുന്ന പെന്‍ഷന്‍ ഫണ്ട് സംബന്ധിച്ച് വ്യത്യസ്ത നിലപാടാണ് ജീവനക്കാര്‍ക്കുള്ളത്. അതിനാല്‍ തന്നെ ഓരോ സംഘടനയും നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ ഇത് പ്രതിഫലിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ ബോര്‍ഡിനെ കമ്പനിയാക്കാനാണ് നീക്കം. സാധ്യമായില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം തന്നെ കമ്പനിയാകുമെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നു.

കമ്പനിവത്കരണത്തിനായി ഊര്‍ജ വകുപ്പ് സെക്രട്ടറി കണ്‍വീനറായി രൂപവത്കരിച്ച സമിതിയുടെ ഫോര്‍മുല സര്‍ക്കാറും ബോര്‍ഡും നേരത്തെ തത്വത്തില്‍ അംഗീകരിച്ചിരുന്നു. മൂന്ന് മാസത്തിനകം കമ്പനിവത്കരണം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രസര്‍ക്കാറിനെ നേരത്തെ തന്നെ അറിയിച്ചതുമാണ്.
പെന്‍ഷന്‍ ഫണ്ട് രൂപവത്കരിക്കുന്നതൊഴികെയുള്ള മറ്റെല്ലാ കാര്യങ്ങളിലും സമിതിയും ബോര്‍ഡും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ ഏതാണ്ട് ധാരണയിലെത്തിയിട്ടുണ്ട്. വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കാനും അത് ചെലവിനത്തില്‍ കൂട്ടാനും പുതിയ കമ്പനിക്ക് കഴിയില്ലെന്നു തുറന്നുസമ്മതിക്കുന്ന സര്‍ക്കാര്‍, ഇതിനായി ഒരു പെന്‍ഷന്‍ ഫണ്ടിന് രൂപം നല്‍കണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചിരുന്നത്. വര്‍ഷാവര്‍ഷം വൈദ്യുതി നിരക്ക് വര്‍ധനയിലൂടെ ഈടാക്കുന്ന തുക പെന്‍ഷന്‍ ഫണ്ടിലേക്കുള്ള ബോര്‍ഡിന്റെ വിഹിതമായി കണക്കാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്.

ഇതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യുന്നത്. ധനകാര്യം, വൈദ്യുതി വകുപ്പുകളുടെ സെക്രട്ടറിമാര്‍, റിസര്‍വ് ബേങ്ക് പ്രതിനിധി, കെ എസ് ഇ ബി ചെയര്‍മാന്‍ എന്നിവരും ഈ സമിതിയിലുണ്ട്. കനറാ ബേങ്കിനെയാണ് നിലവില്‍ നോഡല്‍ ഏജന്‍സിയാക്കിയിരിക്കുന്നത്.
ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്ക് 7584 കോടി രൂപ വേണ്ടിവരുമെന്നാണ് സമിതി അംഗീകരിച്ച കണക്ക്. ഇതില്‍ 3864 കോടി രൂപ സര്‍ക്കാറും 3720 കോടി രൂപ ബോര്‍ഡും നല്‍കണം. ശമ്പളവും പെന്‍ഷനും പരിഷ്‌കരിച്ചതിനാല്‍ 2009 മാര്‍ച്ചില്‍ പെന്‍ഷന്‍ ഫണ്ടായി കണക്കാക്കിയിരുന്ന 4520 കോടിയേക്കാള്‍ 3064 കോടി രൂപ അധികം കണ്ടെത്തേണ്ടതുണ്ട്. ഇതില്‍ തന്നെ ബജറ്റ് വിഹിതമായ 524 കോടി ഒഴിവാക്കിയാല്‍ സംസ്ഥാന സര്‍ക്കാറും ബോര്‍ഡും 2540 കോടി രൂപ നല്‍കേണ്ടി വരും. ഈ തുക ഉപഭോക്താക്കളില്‍ നിന്ന് കണ്ടെത്തണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചാല്‍ കമ്പനിവത്കരണത്തിന്റെ ഭാരം സാധാരണക്കാര്‍ അനുഭവിക്കേണ്ടി വരും.

പെന്‍ഷന്‍ ഫണ്ടിലേക്ക് അധികമായി നല്‍കേണ്ട 2540 കോടിയില്‍ 1301 കോടി രൂപ വഹിക്കാമെന്നും ഇതിനായി 2008 -12 കാലയളവിലെ കെ എസ് ഇ ബിയില്‍ നിന്ന് ഈടാക്കേണ്ട ഇലക്ട്രിസിറ്റി ഡ്യൂട്ടി ബോര്‍ഡില്‍ തന്നെ നിലനിര്‍ത്താന്‍ അനുവദിക്കാമെന്നും സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കി. ബാക്കിയുള്ള 1239 കോടി ബോര്‍ഡും സര്‍ക്കാറും മുമ്പത്തെ ധാരണപ്രകാരമുള്ള അനുപാതത്തില്‍ വഹിക്കണം. ഇതുമൂലം സംസ്ഥാന സര്‍ക്കാറിനുണ്ടാകുന്ന ബാധ്യത 439 കോടിയും ബോര്‍ഡിന്റെത് 800 കോടിയുമാണ്. ഈ തുകകള്‍ യഥാക്രമം 10, 20 വര്‍ഷം കൊണ്ട് കണ്ടെത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അധികമായി കണ്ടെത്തുന്ന തുകയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 524 കോടിയാകട്ടെ വാട്ടര്‍ അതോറിറ്റിയുടെ വൈദ്യുതി കുടിശ്ശിക തുകയാണ്. ഇത് എങ്ങനെ സ്വരൂപിച്ച് ഫണ്ടില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല.

അതിനിടെ, വൈദ്യുതി ബോര്‍ഡിനെ ധൃതിപിടിച്ച് കമ്പനിയാക്കാനുള്ള സര്‍ക്കാറിന്റെ നീക്കങ്ങളില്‍ പ്രതിഷേധിച്ച് 18ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്താന്‍ ഇന്നലെ ചേര്‍ന്ന തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.

Latest