Connect with us

Kerala

രാഷ്ട്രീയ സംഗമ വേദിയായി മഅ്ദനിയുടെ മകളുടെ നിക്കാഹ്

Published

|

Last Updated

കൊല്ലം: അബ്ദുന്നാസിര്‍ മഅ്ദനിയുടെ മകളുടെ വിവാഹച്ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ ഒട്ടേറെ പ്രമുഖര്‍. മഅ്ദനിയുമായുള്ള സൗഹൃദം പുതുക്കാനുള്ള വേദി കൂടിയായി മാറി അവര്‍ക്കിത്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബശീര്‍, എം ഐ ഷാനവാസ് എം പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിചാരണത്തടവുകാരനായി ബംഗളൂര പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നേതാക്കള്‍ ചോദിച്ചറിഞ്ഞു.

ഇന്നലെ രാവിലെ 12 നും 12. 30നും ഇടക്കാണ് കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തി മഅ്ദനിയുടെ മകള്‍ ഷമീറയുടെ വിവാഹച്ചടങ്ങുകള്‍ നടന്നത്. ആലുംകടവ് സ്‌നേഹ നഗറില്‍ സിദ്ദീഖ് കുഞ്ഞ്- നൂര്‍ജഹാന്‍ ദമ്പതികളുടെ മകന്‍ നിസാമായിരുന്നു വരന്‍. മീയന്നൂരിലെ അസീസിയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് രാവിലെ 11. 30ന് ഇറങ്ങിയ മഅ്ദനി 12.15നാണ് വിവാഹപ്പന്തലില്‍ എത്തിയത്. മഅ്ദനി എത്തിയതോടെ വരന്‍ നിസാം വരണമാല്യവും ബൊക്കെയുമായി സ്റ്റേജിലെത്തി. മഅ്ദനി നിസാമിനെ ആലിംഗനം ചെയ്ത് ജീവിതത്തില്‍ ഉയര്‍ച്ചയും സമാധാനവും ഉണ്ടാകട്ടെയെന്ന് ആശംസിച്ചു. വിവാഹത്തിന് കാര്‍മികത്വം വഹിച്ചുകൊണ്ട് മഅ്ദനി പ്രവര്‍ത്തകരോട് അല്‍പ്പനേരം സംസാരിച്ചു. ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലാണ് മകളുമായുള്ള ബന്ധം അകന്നു പോയത്. ജയില്‍വാസം നല്‍കിയ നല്ല അനുഭവങ്ങളിലൊന്ന് മകളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ തനിക്ക് സാധിച്ചുവെന്നതാണെന്ന് മഅ്ദനി പറഞ്ഞു. താന്‍ ദുഃഖിതനല്ലെന്നും എല്ലാം സര്‍വശക്തനില്‍ അര്‍പ്പിക്കുകയാണെന്നുമുള്ള മഅ്ദനിയുടെ പ്രസ്താവന അനുയായിവൃന്ദം നീണ്ട കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ ഹസ്രത്ത് ദുആക്ക് നേതൃത്വം നല്‍കി. പിന്നീട് മഹല്ല് ഇമാം ഷംസുദ്ദീന്‍ മൗലവിയുടെ കാര്‍മികത്വത്തില്‍ മഅ്ദനി രാഷ്ട്രീയ നേതാക്കളെയും പണ്ഡിതരെയും സാക്ഷി നിര്‍ത്തി ഷമീറയെ നിസാമിന് നിക്കാഹ് ചെയ്തു കൊടുത്തു. വരന്‍ നിസാമിന്റെ പിതാവ് സിദ്ദീഖ് കുഞ്ഞും ബന്ധുക്കളും ചടങ്ങില്‍ സംബന്ധിച്ചു.

ആയിരക്കണക്കിനാളുകളാണ് സുമയ്യ ഓഡിറ്റോറിയത്തിലേക്ക് രാവിലെ മുതല്‍ ഒഴുകിയെത്തിയത്. തിങ്ങിനിറഞ്ഞ പ്രവര്‍ത്തകര്‍ തക്ബീര്‍ ധ്വനികളോടെയാണ് മഅ്ദനിയെ സ്വീകരിച്ചത്. മഅ്ദനി വേദിയിലേക്ക് കടന്നുവരുമ്പോള്‍ കര്‍ണാടക പോലീസിന്റെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കണമെന്ന് പി ഡി പി നേതാക്കള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നു. വേദിയിലെത്തിയ മഅ്ദനിയെ ശിഷ്യഗണങ്ങള്‍ ആശ്ലേഷിച്ചു. മഅ്ദനിക്ക് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വേദിയിലെത്തി. പിണറായിയുമായി അല്‍പ്പനേരം കുശലം. സംസാരിക്കുന്നതിന് നിയന്ത്രണം വേണമെന്ന് ഇടക്ക് കര്‍ണാടക പോലീസ് മഅ്ദനിയെ ഓര്‍മിപ്പിച്ചു.
കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, എന്‍ പീതാംബരക്കുറുപ്പ്, എം എല്‍ എമാരായ കെ ടി ജലീല്‍, ഡോ. തോമസ് ഐസക്, പി കെ ഗുരുദാസന്‍, കോവൂര്‍ കുഞ്ഞുമോന്‍, സി ദിവാകരന്‍, ജി എസ് ജയലാല്‍, വര്‍ക്കല കഹാര്‍, വൈക്കം വിശ്വന്‍, മേയര്‍ പ്രസന്നാ ഏണസ്റ്റ്, എ നീലലോഹിതദാസന്‍ നാടാര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എസ് ഭാസുരേന്ദ്രബാബു, കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി, പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ സംബന്ധിച്ചു.
നിക്കാഹിന് വാപ്പച്ചി എത്തണമെന്ന പ്രാര്‍ഥനക്ക് പടച്ചോന്റെ കൃപാകടാക്ഷമുണ്ടായതിന്റെ സന്തോഷത്തിലാണ് താനെന്ന് ഷമീറ പറഞ്ഞു. കഴിഞ്ഞ മെയില്‍ പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിക്കുമ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ചായിരുന്നു വാപ്പച്ചി ഏറെനേരവും സംസാരിച്ചത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, ആഗ്രഹിച്ചതുപോലെ എല്ലാം മംഗളമായി നടന്നു.

വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞ ശേഷമാണ് മഅ്ദനി മകള്‍ ഷമീറയെ കണ്ടത്. വാപ്പച്ചിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കണമെന്നും പറഞ്ഞാണ് രണ്ട് മണിയോടെ മഅ്ദനി മടങ്ങിയത്.

Latest