കെട്ടിട നിര്‍മാണ സാമഗ്രികളുടെ രാജ്യാന്തര പ്രദര്‍ശനം 17 മുതല്‍

Posted on: March 11, 2013 10:02 am | Last updated: March 11, 2013 at 1:04 am
SHARE

മസ്‌കത്ത്: കെട്ടിട നിര്‍മാണ രംഗത്തെ നൂതന വിദ്യകളും സാമഗ്രികളും പ്രദര്‍ശിപ്പിക്കുന്ന ‘ദി ബിഗ് ഷോ’ ഈ മാസം 17 മുതല്‍ 20 വരെ മസ്‌കത്ത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ഷന്‍ സെന്ററില്‍ നടക്കും. മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായ കൂടുതല്‍ നിര്‍മാണ രീതികളും സാമഗ്രികളും ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
തുര്‍ക്കിയില്‍നിന്നും 20 സ്ഥാപനങ്ങളാണ് ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തുന്നത്. 475 ചതുരശ്ര മീറ്ററിലാണ് തുര്‍ക്കിയുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാകുക. കെട്ടിട നിര്‍മാണ സാമഗ്രി രംഗത്തെ പ്രമുഖ കമ്പനികളായ സെസാന്‍ വിന്‍ക്, ഡോര്‍സ്റ്റില്‍, ഇസിഡെ, കസം, സ്റ്റാര്‍ അലുമിനിയം, ഹസ്‌ക, ടി ഐ സി മസ് തുടങ്ങിയ കമ്പനികളെല്ലാം പ്രദര്‍ശനത്തിനെത്തും. തുര്‍ക്കിക്കു പുറമെ ഈജിപ്ത്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജോര്‍ദാന്‍, ലബനോന്‍, മാള്‍ട്ട, പാകിസ്ഥാന്‍, തായ്‌വാന്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പവലിയനുകളും പ്രദര്‍ശകരും എത്തും. നിര്‍മാണ രംഗത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങളായ മാര്‍ബിളുകള്‍, സെറാമിക് ടൈല്‍സ്, കല്ലുകള്‍, ഇന്റീരിയര്‍ ഡിസൈന്‍ ഉത്പന്നങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിക്കപ്പെടും. പ്രദര്‍ശനത്തോടനുബന്ധിച്ച് ഒമാന്‍ ബില്‍ഡേഴ്‌സ് ഫോറം ഈ മാസം 17, 18 തിയതികളില്‍ ഗോള്‍ഡന്‍ തുലിപ്പ് ഹോട്ടലില്‍ നടക്കും.
നിര്‍മാണ കരാറുകള്‍, നഗരവത്കരണവും കെട്ടിട നിര്‍മാണ രംഗത്തെ പ്രശ്‌നങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ ഫോറത്തില്‍ ചര്‍ച്ച നടക്കും. റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്ട് ഫോറവുമായി സഹകരിക്കും. പ്രദര്‍ശനം രാജ്യത്തെ കെട്ടിട നിര്‍മാണ രംഗത്ത് നിര്‍ണായകമാണെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. ഗ്ലോബല്‍ അസോസിയേഷന്‍ ഓഫ് എക്‌സിബിഷന്‍ ഇന്‍ഡസ്ട്രിയുടെയും ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെയും ഒമാന്‍ കോണ്‍ട്രാക്‌ടേഴ്‌സ് സൊസൈറ്റിയുടെയും അംഗീകാരം പ്രദര്‍ശനത്തിനുണ്ട്.