പ്രോസിക്യൂഷന്‍ കേസുകള്‍ വര്‍ധിച്ചു; അപ്പീലുകള്‍ കുറഞ്ഞു വരുന്നു

Posted on: March 11, 2013 10:00 am | Last updated: March 11, 2013 at 1:02 am
SHARE

മസ്‌കത്ത്: കഴിഞ്ഞ വര്‍ഷം രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷന്‍ കൈകാര്യം ചെയ്തത് 34,480 കേസുകള്‍. 2011ല്‍ ഇത് 26,741 ആയിരുന്നു. 28 ശതമാനത്തിന്റെ വര്‍ധന കേസുകളില്‍ ഉണ്ടായപ്പോള്‍ കീഴ്‌കോടതി വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ പോയ കേസുകളില്‍ കുറവ് രേഖപ്പെടുത്തി. 2011ല്‍ 3674 അപ്പീലുകളുണ്ടായപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 3452 ആയിരുന്നു.
അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ബിന്‍ സൈദ് അല്‍ യഹായീ ആണ് ഇന്നലെ രാജ്യത്തെ കോടതികളും പ്രോസിക്യൂഷനും കൈകാര്യം ചെയ്യുന്ന കേസുകള്‍ സംബന്ധിച്ചുള്ള വിവിരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത്. രാജ്യത്തെ നീതി നിര്‍വഹണ രംഗം കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്നും നീതി നിര്‍വണ രംഗത്തും മനുഷ്യാവകാശ മേഖലയിലും സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ ചെയര്‍മാന്‍കൂടിയായ ഭരണാധികാരി സുല്‍ത്താല്‍ ഖാബൂസ് ബിന്‍ സഈദ് അതീവ ശ്രദ്ധ പുലര്‍ത്തി വരുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിനും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നടപ്പിലാക്കാനും കഴിഞ്ഞിട്ടുണ്ടെന്നും ഇതു മറ്റു ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പോലും ഒമാന് അംഗീകാരം നേടിത്തരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പബ്ലിക് പ്രോസിക്യൂഷന്റെ മസ്‌കത്ത് ഡവിഷനാണ് കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്തത്. ആകെ കേസുകളുടെ 33 ശതമാനവും ഇവിടെയായിരുന്നു. തുടര്‍ന്ന് വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റും. 18 ശതമാനമാണ് ഇവിടെ കേസുകള്‍. സീബ് പ്രോസിക്യൂഷനില്‍ 2637 കേസുകള്‍ ഉണ്ടായി. തുംറൈത്ത്, ആദം, യാന്‍കൂല്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ കേസുകളുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം പ്രോസിക്യൂഷന്‍ 15,396 കേസുകളാണ് കോടതിക്കു കൈമാറിയത്. മുന്‍ വര്‍ഷം ഇത് 13,328 ആയിരുന്നു.
കഴിഞ്ഞ വര്‍ഷം പബ്ലിക് പ്രോസിക്യൂഷന്‍ വശം അവശേഷിക്കുന്ന കേസുകള്‍ 18,420 ആണ്. മുന്‍ വര്‍ഷം ഇത് 12,822 ആയിരുന്നു. 5598 കേസുകളുടെ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. കെട്ടിക്കിടക്കുന്ന കേസുകളില്‍ കഴിഞ്ഞ വര്‍ഷം രണ്ടു ശതമാനത്തിന്റെ വര്‍ധവുണ്ടായി. ട്രാഫിക്, ലേബര്‍, മയക്കു മരുന്നു കേസുകള്‍ക്കായി പ്രത്യേക പ്രോസിക്യൂഷനുകള്‍ കൊണ്ടു വരുന്നതിന് കഴിഞ്ഞ വര്‍ഷം സാധിച്ചുവെന്നും കേസുകളുടെ കൈകാര്യവും തീര്‍പ്പും വേഗത്തിലാക്കാന്‍ ഇതു സഹായിക്കുന്നു.