Connect with us

Gulf

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് സലാലയില്‍ നിരക്കിളവ് വരുത്തി

Published

|

Last Updated

സലാല: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ട്രാവല്‍ സിറ്റി മുഖേന ബി എല്‍ എസ് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് കുറച്ചു. മുതിര്‍ന്നവര്‍ക്കുളള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് 6.030 റിയാലിന്റെ കുറവും കുട്ടികളുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് 5.630 റിയാലിന്റെ കുറവുമാണ് നിലവില്‍ വന്നത്. പുതിയ നിരക്കു പ്രകാരം മുതിര്‍ന്നവര്‍ക്കുളള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് 29.970 റിയാലും കുട്ടികളുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് 20.370 റിയാലുമാണ് ഈടാക്കുന്നതെന്ന് ട്രാവല്‍ സിറ്റി മാനേജര്‍ സൈനുദ്ദീന്‍ പറഞ്ഞു. യഥാക്രമം 36ഉം 26 ഉം റിയാലാണ് ഇതുവരെ ഈടാക്കിയിരുന്നത്.

ഉപഭോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം തിരഞ്ഞെടുക്കാവുന്ന സേവനങ്ങളായ എസ് എം എസ് സൗകര്യത്തിന് 500 ബൈസയും കൊറിയര്‍ ചാര്‍ജ് ആയി രണ്ട് റിയാലുമാണ് പുതിയ നിരക്കു പ്രകാരം ഈടാക്കുന്നതെന്നും സൈനുദ്ദീന്‍ പറഞ്ഞു. അഞ്ചു റിയാലാണ് കൊറിയര്‍ ചാര്‍ജ് നല്‍കേണ്ടിയിരുന്നത്. ഇത് നിര്‍ബന്ധപൂര്‍വം ഉപഭോക്താക്കളില്‍ നിന്നും പിരിച്ചെടുക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു.

സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തരമായ പ്രതിഷേധ പരിപാടികള്‍ക്ക് ഒടുവിലാണ് ചാര്‍ജ് കുറക്കാന്‍ അധികൃതര്‍ തയ്യാറായത്. പാസ്‌പോര്‍ട്ട് സേവന നിരക്ക് കുറക്കാനും ട്രാവല്‍ സിറ്റി യുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റവും ആവശ്യപ്പെട്ട് സലാല കൈരളി പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് ഒപ്പു ശേഖരണം നടത്തി അധികൃതര്‍ക്ക് നിവേദനം

 

നല്‍കിയിരുന്നു. ഈ ആവശ്യാര്‍ഥം ഇന്ത്യന്‍ അംബാസഡര്‍ ജെ എസ് മുകുള്‍, കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേരള പ്രവാസി കാര്യ വകുപ്പ് മന്ത്രി പിസി ജോസഫ് എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നതായി കൈരളി ഭാരവാഹികള്‍ പറഞ്ഞു.

ട്രാവല്‍ സിറ്റിയുടെ പ്രവര്‍ത്തന സമയം ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെ എന്നത് കഴിഞ്ഞ ആഴ്ച മുതല്‍ വൈകിട്ട് 4 മുതല്‍ 6 വരെയായി അധികൃതര്‍ പുനക്രമീകരിച്ചിരുന്നു. എന്നാല്‍ ഈ സമയവും പ്രായോഗികമല്ലെന്നും എല്ലാവര്‍ക്കും സ്വീകാര്യമായ സമയക്രമത്തിനു വേണ്ടിയുളള പരിശ്രമങ്ങള്‍ ഇനിയും തുടരുമെന്നും കൈരളി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ എംബസിയുമായുളള കരാര്‍ പ്രകാരം സലാല , സോഹാര്‍, സൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബ്ി എല്‍ എസ് നേരിട്ട് ബ്രാഞ്ച് തുടങ്ങണമെന്നുമുളള വ്യവസ്ഥകള്‍ ഇതു വരെ പാലിക്കപ്പെട്ടിട്ടില്ല. പകരം സ്വകാര്യ ട്രാവല്‍ ഏജന്‍സിയെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ചുമതലപ്പെടുത്തിയതും പ്രവാസികളുടെ പ്രതിഷേധത്തിനിടയായി. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് അമിത ചാര്‍ജ് ഏര്‍പ്പെടുത്തിയപ്പോള്‍ സാമൂഹിക സംഘടനകള്‍ ഇടപെട്ടാണ് വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്.
ഒപ്പു ശേഖരണത്തിലും പ്രതിഷേധ പരിപാടികളിലും സഹകരിച്ച എല്ലാവര്‍ക്കും കൈരളി ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.

Latest