ഹെല്‍മറ്റ് വേട്ട: പന്ന്യങ്കരയിലെ സംഘര്‍ഷം വ്യാപിക്കുന്നു

Posted on: March 10, 2013 7:57 pm | Last updated: March 14, 2013 at 9:58 am
SHARE

police lathi

കോഴിക്കോട്: ഹെല്‍മറ്റ് സംഭവത്തില്‍ പ്രതിഷേധിച്ച് പന്ന്യങ്കര പോലീസ് സ്‌റ്റേഷനിലേക്ക് നാട്ടുകാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് നടത്തിയവര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും പത്രപ്രധിനിധികള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ഏഷ്യാനെറ്റിന്റെ ക്യാമറ അക്രമിസംഘം തല്ലിത്തകര്‍ക്കുകയും ചെയ്തു. പോലീസ് ജീപ്പിന് നേരെയും ആക്രമണമുണ്ടായി. ജീപ്പ് അഗ്നിക്കിരയാക്കി. സംഘര്‍ഷം വ്യാപിച്ചതോടെ എ ഡി ജി പി ശങ്കര്‍ റെഡ്ഢി ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പോലീസിന്റെ ഹെല്‍മറ്റ് വേട്ടക്കിടെ അപകടത്തില്‍പ്പെട്ട് ഇന്നലെ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചും ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും നാട്ടുകാര്‍ നടത്തിയ ഉപരോധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.