Connect with us

Gulf

സഊദിയിലെ സ്ത്രീവത്കരണം: അബായ കടകളില്‍ നിയമനം തുടങ്ങി

Published

|

Last Updated

ജിദ്ദ: തൊഴില്‍ വകുപ്പ് നടപ്പിലാക്കുന്ന സ്ത്രീവത്കരണത്തിന്റെ ഭാഗമായി അബായ കടകളില്‍ സ്വദേശി സ്ത്രീകളെ ജോലിക്ക് നിയമിക്കാന്‍ തുടങ്ങി. വരുന്ന ശഅ്ബാന്‍ മുതല്‍ അബായ കടകളില്‍ സ്ത്രീകളെ നിര്‍ബന്ധമായും ജോലിക്ക് നിയമിക്കണമെന്ന് തൊഴില്‍ മന്ത്രാലയം കടകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അബായ കടകളില്‍ തൊഴില്‍ മന്ത്രാലയ തീരുമാനം ഓര്‍മപ്പെടുത്താനും ജോലിക്കാരുടെ എണ്ണമെടുക്കാനും ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കടയുടെ കവാടത്തില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കുന്നുണ്ട്. ശഅ്ബാന് പകരം ദുല്‍ഖഅദ് മാസം തീരുമാനം നടപ്പിലാക്കണമെന്നാണ് ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് റെഡിമെയ്ഡ് വസ്ത്ര സമിതി തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. സ്വദേശി സ്ത്രീകള്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരമുണ്ടാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ സ്ത്രീകളുടെ സ്വകാര്യവസ്ത്രങ്ങള്‍ മാത്രം വില്‍ക്കുന്ന കടകളില്‍ സ്ത്രീകളെ നിയമിക്കാനാണ് തീരുമാനം. ഇതിന്റെ തുടര്‍ച്ചയായി രണ്ടാംഘട്ടമായി അബായ കടകളില്‍ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത് പുരോഗമിച്ച് വരുകയാണ്. സ്ത്രീകള്‍ക്ക് ഈ രംഗത്ത് പരിശീലനം നല്‍കിന്നുണ്ട്. എന്നാല്‍ അബായ കടകളില്‍ സ്ത്രീകളെ ജോലിക്ക് നിയമിക്കാനുള്ള തീരുമാനം രണ്ട് മാസത്തേക്ക് കൂടി നീട്ടണമെന്ന് കട ഉടമകള്‍ ആവശ്യപ്പെടുകയായിരുന്നു.