Connect with us

Editors Pick

കര്‍ണാടക പോലീസിന്റെ കുതന്ത്രം; മഅ്ദനിയുടെ യാത്ര വൈകി

Published

|

Last Updated

 ഇടക്കാല ജാമ്യം ലഭിച്ചിട്ടും മഅ്ദനിയെ നാട്ടിലെത്തിക്കുന്നത് വൈകിപ്പിച്ചതിന് പിന്നില്‍ കര്‍ണാടക പോലീസിന്റെ ഗൂഢാലോചനയെന്ന് സംശയം. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും രോഗാതുരനായി കഴിയുന്ന പിതാവിനെ കാണാനുമായി അഞ്ച് ദിവസത്തേക്ക് ലഭിച്ച ഇടക്കാല ജാമ്യം അട്ടിമറിക്കാനുള്ള നീക്കമാണ് കര്‍ണാടക പോലീസ് അണിയറയില്‍ നടത്തിയത്. നാട്ടിലെത്തിക്കുന്നത് വൈകുന്നതിന്റെ പേരിലുണ്ടാകുന്ന സ്വാഭാവിക പ്രതിഷേധം മഅ്ദനിക്കെതിരെ കോടതിയില്‍ ആയുധമാക്കുകയെന്ന ലക്ഷ്യവും കര്‍ണാടക പോലീസിനുണ്ടായിരുന്നുവെന്നാണ് വിവരം. കര്‍ണാടക പോലീസ് വീഴ്ച വരുത്തിയെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇടക്കാല ജാമ്യം ലഭിക്കുന്ന പ്രതികളെ വിമാനമാര്‍ഗവും അല്ലാതെയും നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പോലീസിന് അറിയാമെന്നിരിക്കെ, കരുതിക്കൂട്ടി യാത്ര വൈകിപ്പിക്കാനുള്ള ശ്രമമാണ് കര്‍ണാടക പോലീസ് നടത്തിയത്. പോലീസ് അകമ്പടിയോടെ ഇടക്കാല ജാമ്യം അനുവദിക്കുന്നത് പതിവ് നടപടിക്രമമാണ്. ഇങ്ങനെ ജാമ്യം ലഭിക്കുന്നവരെ വിമാനത്തില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം താഴേ തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും അറിയാവുന്നതാണ്. എന്നിരിക്കെ, മഅ്ദനിയെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും കര്‍ണാടക പോലീസിനെ മുന്‍കൂട്ടി അറിയിച്ചിട്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാകാത്തത് ദുരൂഹമാണ്.
ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ കര്‍ണാടക പോലീസിലെ ആറ് പേരാണ് മഅ്ദനിയെ അനുഗമിക്കുന്നത്. ശനിയാഴ്ച രാവിലെ 9.15ന് ബംഗളുരുവില്‍ നിന്ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തില്‍ മഅ്ദനിയെ നാട്ടിലെത്തിക്കാനായിരുന്നു തീരുമാനിച്ചത്. ഇതിനായി മഅ്ദനിയുടെ മക്കളായ ഉമര്‍മുഖ്താറും സ്വലാഹുദ്ദീന്‍ അയ്യൂബിയും അഭിഭാഷകരും മഅ്ദനി ജസ്റ്റിസ് ഫോറം ഭാരവാഹികളും വെള്ളിയാഴ്ച വൈകുന്നേരം തന്നെ ബംഗളുരുവിലെത്തി. യാത്ര സ്വന്തം ചെലവിലായിരിക്കണമെന്ന് കോടതി ഉത്തരവുള്ളതിനാല്‍ ഇതിനുള്ള പണം ഡി ജി പി ഓഫീസില്‍ കെട്ടിവെക്കുകയും ചെയ്തു.
രാവിലെ 6.30ന് മുമ്പ് തന്നെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് മോചിപ്പിച്ച മഅ്ദനിയെ വിമാനത്താവളത്തിലെത്തിച്ച ശേഷമാണ് നടപടിക്രമങ്ങളൊന്നും പൂര്‍ത്തീകരിച്ചിട്ടില്ലെന്ന വിവരം അറിയുന്നത്. മഅ്ദനിയെ അനുഗമിക്കുന്ന പോലീസുകാരുടെ കൈവശമുള്ള ആയുധങ്ങള്‍ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ ക്ലിയറന്‍സ് ലഭ്യമാക്കിയിരുന്നില്ല. യാത്ര മുടങ്ങുമെന്ന ഘട്ടമെത്തിയതോടെ പി ഡി പി നേതാക്കള്‍ കേരളാ പോലീസുമായി നടത്തിയ ചര്‍ച്ചയില്‍ ഈ പ്രശ്‌നം പരിഹരിച്ചു. കര്‍ണാടക പോലീസ് ആയുധങ്ങളില്ലാതെ വന്നാല്‍ മതിയെന്നും കേരളത്തിലെത്തിയാല്‍ കേരളാ പോലീസ് ആയുധം നല്‍കാമെന്നും അറിയിച്ചു.
മഅ്ദനിയുടെ സുരക്ഷാ ചുമതലയുള്ള എ ഡി ജി പി ഹേമചന്ദ്രന്‍ കര്‍ണാടക പോലീസിലെ ഉന്നതരെ ഇക്കാര്യം അറിയിച്ചു. ഈ പ്രശ്‌നം പരിഹരിച്ചതോടെയാണ് തടവുപുള്ളികളെ വിമാനത്തില്‍ കയറ്റുന്നതിനുള്ള രേഖകളും ശരിയാക്കിയിട്ടില്ലെന്ന് വ്യക്തമായത്. കര്‍ണാടക പോലീസ് ആവശ്യമായ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് സിവില്‍ വ്യോമയാന മന്ത്രാലയമാണ് അനുമതി നല്‍കേണ്ടത്. എന്നാല്‍, രേഖകള്‍ ഹാജരാക്കുന്നതില്‍ കര്‍ണാടക പോലീസ് വീഴ്ച വരുത്തുകയായിരുന്നു. വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍ കര്‍ണാടക ഡി ജി പിയുമായി സംസാരിച്ച ശേഷമാണ് രേഖകള്‍ കൈമാറാന്‍ തയ്യാറായത്.
യാത്ര വൈകിയതോടെ രണ്ട് ദിവസം മഅ്ദനിക്ക് ഇതിനകം നഷ്ടപ്പെട്ടു. ബുധനാഴ്ച തന്നെ ബംഗളുരുവില്‍ മടങ്ങിയെത്തണമെന്നാണ് കോടതി നിര്‍ദേശം. മഅ്ദനിക്ക് ഇടക്കാല ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദഗതികള്‍ക്ക് സാധൂകരണം നല്‍കാനുള്ള ഗൂഢാലോചനയും യാത്ര വൈകിപ്പിക്കലിന് പിന്നില്‍ സംശയിക്കുന്നു.
കേരളത്തില്‍ മഅ്ദനിക്ക് ഏറെ അനുയായികള്‍ ഉണ്ടെന്നും അതിനാല്‍ പോലീസിന്റെ പിടിയില്‍ നിന്ന് വഴുതിപ്പോകാനുള്ള സാധ്യതയുണ്ടെന്നുമുള്ള വാദമാണ് കര്‍ണാടക സര്‍ക്കാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നത്.