Connect with us

Kerala

കേരള സമൂഹത്തിന് നന്ദി: മഅദനി

Published

|

Last Updated

madani vivaham

മഅ്ദനി വിവാഹവേദിയില്‍ സംസാരിക്കുന്നു. വീഡിയോ ദൃശ്യം

കൊല്ലം: നീതി നിഷേധത്തിനെതിരെ കേരള സമൂഹം ഒന്നടങ്കം തന്നോടൊപ്പം നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അബ്ദുന്നാസിര്‍ മഅ്ദനി. കൊട്ടിയത്ത് മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഅ്ദനി.

പ്രതികരണങ്ങള്‍ ഹൃദയത്തില്‍ ഒതുക്കണമെന്ന അഭ്യര്‍ഥനയോടെയാണ് മഅ്ദനി വിവാഹവേദിയില്‍ സംസാരിച്ചത്.എനിക്ക് ദുഃഖമില്ല, വിഷമമില്ല. എല്ലാ ദുഃഖങ്ങളും ഞാന്‍ അല്ലാഹുവിനോട് പറയുന്നു. നീതിനിഷേധത്തിനെതിരെ തന്നോടൊപ്പം കേരള സമൂഹം ഒന്നടങ്കം നിന്നതില്‍ സന്തോഷമുണ്ടെന്ന് മഅ്ദനി പറഞ്ഞു. കാരാഗൃഹത്തിന്റെ ഇരുളിലും അത് ആവേശമാകുന്നുണ്ട്. പരുഷമായ വാക്കുകള്‍ ഉപയോഗിച്ചതിന് മുമ്പ് ഞാന്‍ ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍, ഒന്നും പറയാതെ തന്നെ തന്നോടൊപ്പം ജയിലിലടക്കപ്പെട്ടവരുമുണ്ട്. എന്നേക്കാളും പീഡനങ്ങള്‍ അനുഭവിക്കുന്നവരുമുണ്ട്. ഞാന്‍ തരുന്ന പരീക്ഷണങ്ങളില്‍ അസ്വസ്ഥരാകുന്നവന്‍ മറ്റൊരു ദൈവത്തെ കണ്ടെത്തികൊള്ളട്ടെ എന്ന ഖുര്‍ആനിലെ വചനം മഅ്ദനി ഉദ്ധരിച്ചു. ഇരു കണ്ണുകളുടെയും കാഴ്ച ഏകദേശം പൂര്‍ണമായി തന്നെ ഇല്ലാതായിരിക്കുന്നു. സമീപത്തുള്ളവരെ മാത്രമേ ഇപ്പോള്‍ എനിക്ക് കാണാന്‍ സാധിക്കുന്നുള്ളൂ.

നീതിയുടെ നേരിയ പ്രകാശ കിരണം പോലും കാണാന്‍ സാധിക്കുന്നില്ല. കര്‍ണാടകയില്‍ നീതിയുടെ പുതിയ സൂര്യോദയം ഉണ്ടായതു കൊണ്ടല്ല മകളുടെ വിവാഹ വേദിയില്‍ എത്താന്‍ കഴിഞ്ഞതെന്നും മഅ്ദനി പറഞ്ഞു.വി എസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെ തനിക്ക് നീതി ലഭ്യമാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചവരെ പേരെടുത്ത് മഅ്ദനി നന്ദി പറഞ്ഞു. മകള്‍ ഷമീറയുമായി പിന്നീട് മഅ്ദനി സംസാരിച്ചു.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അഞ്ച് ദിവസം ജാമ്യം ലഭിച്ച മഅ്ദനി ഇന്നലെ രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. പിന്നീട് അസീസിയ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ കൊട്ടിയത്തെ മകളുടെ വീട്ടിലെത്തിയ മഅ്ദനിയെ പ്രവര്‍ത്തകര്‍ വികാരഭരിതരായാണ് സ്വീകരിച്ചത്.

നേതാക്കള്‍ക്കൊപ്പം മഅ്ദനി
രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ മഅ്ദനിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, തോമസ് ഐസക്, കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍, എം ഐ ഷാനവാസ് എം പി, എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം അംഗം സെബാസ്റ്റ്യന്‍ പോള്‍, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി ആരിഫലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കര്‍ണാടക പോലീസിന്റെ കുതന്ത്രം; മഅ്ദനിയുടെ യാത്ര വൈകി

Latest