Connect with us

Sports

റഷ്യന്‍ താരം മരുന്നടിക്ക് പിടിയില്‍, അഞ്ജുവിന് സ്വര്‍ണം!

Published

|

Last Updated

ബംഗളുരു: കളവ് ഒരു നാള്‍ പിടിക്കപ്പെടും. സത്യം എത്ര വൈകിയാലും ആദരിക്കപ്പെടും – ഈ ആപ്തവാക്യം അഞ്ജു ബോബി ജോര്‍ജിന്റെ കാര്യത്തില്‍ അന്വര്‍ഥമാവുകയാണ്. 2005 മൊണാക്കോ ലോക അത്‌ലറ്റിക്‌സ് ഫൈനല്‍സില്‍ അഞ്ജു ബോബി ജോര്‍ജ് നേടിയ വെള്ളി മെഡല്‍ സ്വര്‍ണമാകുന്നു. സ്വര്‍ണം നേടിയ റഷ്യന്‍ താരം മരുന്നടിക്ക് പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണിത്. മൊണാക്കോ മീറ്റിന് രണ്ടാഴ്ച മുമ്പ് നടന്ന ഹെല്‍സിങ്കി മീറ്റിലെ ഡോപ് ടെസ്റ്റില്‍ താത്യാന കൊടോവ പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. ഹെല്‍സിറ്റി മീറ്റിനിടെ ശേഖരിച്ച ആറ് സാംപിളുകളാണ് പോസിറ്റീവായത്. റഷ്യയുടെ ഓള്‍ഗ കുസെന്‍കോവയും മരുന്നടിക്ക് പിടിക്കപ്പെട്ടു. ബെലാറസിന്റെ ആന്ദ്രെ മികെന്‍വിച്, ഇവാന്‍ സിഖാന്‍, വാദിം ദേവ്യതോസ്‌കി, നാസ്‌ദെയ ഒസ്റ്റാചുക് എന്നിവരും ഹെല്‍സിങ്കി മീറ്റില്‍ ഉത്തേജകൗഷധം ഉപയോഗിച്ചതായി തെളിഞ്ഞു.
രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ (ഐ എ എ എഫ്) മരുന്നടിക്ക് പിടിക്കപ്പെട്ടവരുടെ മെഡലുകള്‍ തിരിച്ചെടുക്കുമ്പോള്‍ താത്യാനക്കാണ് കൂടുതല്‍ നഷ്ടം സംഭവിക്കുക. മൂന്ന് ലോകചാമ്പ്യന്‍ഷിപ്പ് മെഡലുകളും രണ്ട് ഒളിമ്പിക് മെഡലുകളും നേടിയ താരമാണ് താത്യാന കൊടോവ. ഹെല്‍സിങ്കി മീറ്റ് 2005 ആഗസ്റ്റ് ആറ് മുതല്‍ പതിനാല് വരെയായിരുന്നു. മൊണാക്കോ മീറ്റ് സെപ്തംബര്‍ 9-10 തീയതികളിലും. ഹെല്‍സിങ്കിയില്‍ ലോംഗ് ജമ്പില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ താരം ഫിനിഷ് ചെയ്തത്. 2004 ആഥന്‍സ് ഒളിമ്പിക്‌സില്‍ മെഡല്‍ വാരിയ മൂന്ന് റഷ്യന്‍ താരങ്ങളെയും തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് അഞ്ജു ബോബി ജോര്‍ജ് അഭിപ്രായപ്പെട്ടു. അവര്‍ പിടിക്കപ്പെടുന്ന ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു അഞ്ജു.
ആഥന്‍സില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അഞ്ജു ആദ്യ മൂന്ന് സ്ഥാനക്കാരുടെയും പ്രകടനം സംശയത്തോടെയാണ് നോക്കിക്കാണുന്നത്. തത്യാന ലെബെഡേവ (7.07മീറ്റര്‍), ഐറിന സിമാഗിന (7.05മീറ്റര്‍), തത്യാന കൊടോവ (7.05മീറ്റര്‍) എന്നിങ്ങനെയായിരുന്നു പ്രകടനം. അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അമേരിക്കയുടെ മരിയന്‍ജോണ്‍സ് 2007 ല്‍ മരുന്നുപയോഗം വെളിപ്പെടുത്തി രംഗത്തെത്തിയതോടെ അഞ്ജുവിന്റെ ആറാം സ്ഥാനം അഞ്ചാം സ്ഥാനമായി ഉയര്‍ന്നിരുന്നു.
ഡോപ് ടെസ്റ്റിനെ മറികടക്കുന്ന രീതിയിലുള്ള മരുന്നുപയോഗ തന്ത്രങ്ങള്‍ പയറ്റിയാണ് പാശ്ചാത്യ താരങ്ങള്‍ ലോകചാമ്പ്യന്‍ഷിപ്പുകളിലും ഒളിമ്പിക്‌സിലും മെഡലുകള്‍ വാരുന്നതെന്ന സത്യം ഒരിക്കല്‍ കൂടി വെളിപ്പെടുകയാണിവിടെ. കഠിനാധ്വാനം ചെയ്ത് റഷ്യന്‍ താരങ്ങളോട് പടവെട്ടി അഞ്ജുനേടിയ മെഡലിന് അന്നു തന്നെ പൊന്‍തിളക്കമായിരുന്നു. കാലം, അത് ശരിവെക്കും വിധം സത്യമുള്ള പ്രകടനത്തിന് തിളക്കമേകുന്നു.

Latest