Connect with us

Kerala

ഐ എന്‍ എസ് വിരാട് ഈ മാസം അവസാനം കൊച്ചി വിടും

Published

|

Last Updated

കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ വിമാനവാഹിനി കപ്പല്‍ ഐ എന്‍ എസ് വിരാട് ആദ്യ ഘട്ട അറ്റകുറ്റപ്പണിക്കു ശേഷം മാര്‍ച്ച് അവസാനം കൊച്ചി വിടും. നവംബറിലാണ് വിരാടിനെ വാര്‍ഷിക അറ്റകുറ്റപ്പണിക്കായി കൊച്ചി കപ്പല്‍ശാലയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് മുംബൈയില്‍ അറ്റകുറ്റപ്പണികളുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി 2013 മധ്യത്തോടെ കപ്പല്‍ വീണ്ടും നാവിക സേനയില്‍ പ്രവര്‍ത്തനസജ്ജമാകും.

നാവിക സേനയുടെ മുംബൈ ആസ്ഥാനമായുള്ള വെസ്‌റ്റേണ്‍ ഫഌറ്റിന്റെ ഭാഗമാണ് ഐ എന്‍ എസ് വിരാട്. കൊച്ചി കപ്പല്‍ശാലയില്‍ “ഡ്രൈ ഡോക്” സംവിധാനം ഉള്ളതു കൊണ്ടാണ് കപ്പല്‍ അറ്റകുറ്റപ്പണിക്കായി കൊച്ചിയില്‍ എത്തിച്ചതെന്ന് ഐ എന്‍ എസ് വിരാടിന്റെ ക്യാപ്റ്റന്‍ ബിശ്വജിത്ത് ദാസ്ഗുപ്ത പറഞ്ഞു. കപ്പല്‍ ഇപ്പോഴും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയുടെ പുതിയ വിമാനവാഹിനിയായ ഐ എ ന്‍സ് വിക്രമാദിത്യ ഒരു വര്‍ഷത്തിനുള്ളില്‍ നാവിക സേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഡല്‍ഹിയില്‍ നിന്നേ അറിയാന്‍ കഴിയൂ. നാവിക സേനയില്‍ ആധുനികവത്കരണം തുടരുകയാണെന്ന് ദാസ്ഗുപ്ത പറഞ്ഞു.
ഇന്ത്യന്‍ നാവിക സേനയുടെ “ഒഴുകുന്ന വിമാനത്താവളമായി” അറിയപ്പെടുന്ന ഐ എന്‍ എസ് വിരാടിന് 30 പോര്‍വിമാനങ്ങളെ വരെ വഹിക്കാന്‍ ശേഷിയുണ്ട്. കൂടാതെ സീ കിംഗ്, ചേതക് ഹെലികോപ്റ്ററുകളും കപ്പല്‍വേധ മിസൈലുകളും ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് വിരാടിന്റെ “ആയുധക്കലവറ”.
നാവിക സേനയുടെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കപ്പലായതിനാല്‍ ഐ എന്‍ എസ് വിരാട് ഒറ്റക്ക് സമുദ്രത്തില്‍ പോകാറില്ല. സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി മൂന്നോ നാലോ കപ്പലുകള്‍ ഒപ്പം ഉണ്ടാകും. 1959 നവംബര്‍ 18 ന് ബ്രിട്ടീഷ് റോയല്‍ നേവിയുടെ ഭാഗമായ എച്ച ്എം എസ് ഹെര്‍മെസ് എന്ന വിമാനവാഹിനി കപ്പല്‍ 1986 ഏപ്രിലില്‍ ഇന്ത്യന്‍ നേവി വാങ്ങി ഐ എന്‍ എസ് വിരാട് എന്ന് നാമകരണം ചെയ്യുകയായിരുന്നു. ഐ എന്‍ എസ് വിക്രാന്തിനു ശേഷമുള്ള ഇന്ത്യന്‍ വിമാനവാഹിനിയാണിത്. ഇന്ത്യന്‍ നേവി വാങ്ങിയതിനു ശേഷം പുതിയ അഗ്‌നിശമന ഉപകരണങ്ങള്‍, റഡാറുകള്‍, ഡെക്ക് ലാന്‍ഡിംഗ് ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.