Connect with us

Kerala

മൂന്നാര്‍: പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചു

Published

|

Last Updated

തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കൈയേറ്റം കണ്ടെത്താന്‍ റവന്യൂ വകുപ്പ് 12 അംഗ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചു. ദേവികുളം ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ മൂന്ന് തഹസീല്‍ദാര്‍മാരുള്‍പ്പെടെ 12 പേരടങ്ങുന്ന പ്രത്യേക സംഘത്തെയാണ് കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ നിയോഗിച്ചത്. റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ നിര്‍ദേശാനുസരണം ഇടുക്കി ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. മൂന്ന് മാസത്തിനകം ചിന്നക്കനാലിലുള്‍പ്പെടെയുള്ള കൈയേറ്റം ഒഴിപ്പിക്കുന്നതിന് പ്രത്യേക കര്‍മ പദ്ധതി തയാറാക്കിയിട്ടുണ്ട്.

ഇതോടൊപ്പം മുന്‍ ദൗത്യസംഘം കൈയേറ്റമെന്ന് കണ്ടെത്തുകയും കോടതികളില്‍ നിന്നുള്ള സ്റ്റേ മൂലം ഒഴിപ്പിക്കാന്‍ സാധിക്കാതെ വന്നതുമായ ഭൂമി തിരിച്ചു പിടിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ അനുമതിയോടെ ഇത്തരം കേസുകളിലെ സ്റ്റേ പിന്‍വലിപ്പിക്കാനാണ് റവന്യൂ വകുപ്പ് ഉദ്ദേശിക്കുന്നത്. ജില്ലാ കലക്ടര്‍ നേരിട്ട് ഇത്തരം നടപടികള്‍ക്ക് നേതൃത്വം നല്‍കും. കര്‍മപദ്ധതിയും റിപ്പോര്‍ട്ടും തയാറാക്കി മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും ദേവികുളം ആര്‍ ഡി ഒ സമര്‍പ്പിച്ചിരുന്നു.
പ്രത്യക്ഷ കൈയേറ്റങ്ങള്‍ മുന്നറിയിപ്പൊന്നും കൂടാതെ തന്നെ അടിയന്തരമായി ഒഴിപ്പിക്കുക, കൈയേറ്റമെന്ന് ആരോപണവും സംശയവുമുള്ള സ്ഥലങ്ങളുടെ റവന്യൂ രേഖകള്‍ പരിശോധിച്ച് യാഥാര്‍ഥ്യം കണ്ടെത്തി നടപടിയെടുക്കുക, ഇതിനാവശ്യമായ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കുക തുടങ്ങിയവയാണ് ദൗത്യ സംഘത്തിന്റെ പ്രധാന ചുമതലകള്‍.

Latest