അമൃത കേസില്‍ നിര്‍ണായക തെളിവായി സി സി ടി വി ദൃശ്യങ്ങള്‍

Posted on: March 10, 2013 9:44 am | Last updated: March 10, 2013 at 9:44 am
SHARE

തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥിനി അമൃതയുടെ കേസില്‍ നിര്‍ണായക തെളിവായി സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അമൃതയുടെ പിതാവും സുഹൃത്തും ചേര്‍ന്നാണ് ഫെബ്രുവരി 14ന് ഐ ടി അറ്റ് സ്‌കൂള്‍ വകുപ്പിലെ താത്കാലിക ജീവനക്കാരായ യുവാക്കളെ മര്‍ദിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പോലീസിന്റെ സി സി ടി വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇതോടെ നടുറോഡില്‍ അസഭ്യം പറഞ്ഞവരെ, കരാട്ടേ അഭ്യാസിയായ താന്‍ അടിച്ചോടിച്ചു എന്ന അമൃതയുടെ വാദം പൊളിയുകയാണ്.

കഴിഞ്ഞ മാസം 14ന് രാത്രി 10.35ന് ബേക്കറി ജംഗ്ഷനിലെ പൊലീസിന്റെ നിരീക്ഷണ ക്യാമറ ചിത്രീകരിച്ച ദൃശ്യങ്ങളാണിത്. വഴുതക്കാട്ടേക്കുള്ള റോഡില്‍ വലതുവശത്ത് മൂന്ന് വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് കാണാം. ഇവയില്‍ ഒന്നിലാണ് അമൃതയും കുടുംബവും എത്തിയത്. തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കാനായി ഇവര്‍ ഇറങ്ങുന്നു. വീണ്ടും ക്യാമറ കറങ്ങിയെത്തുമ്പോള്‍ അമൃതയും ഒപ്പമുള്ളവരും തട്ടുകടയുടെ ഭാഗത്തേക്ക് നടക്കുകയാണ്. ഒന്നുകൂടി തിരിഞ്ഞ് വീണ്ടും ക്യാമറ ഇവിടെ എത്തുമ്പോള്‍ കൈയാങ്കളി തുടങ്ങി. ആദ്യം കാണുന്നത് വെള്ള ഷര്‍ട്ടിട്ട യുവാവിനെ രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതാണ്. കൈയാങ്കളിക്കിടെ തട്ടുകടക്ക് പിന്നിലേക്ക് മാറിയ യുവാക്കളില്‍ ഒരാളെ അമൃത തള്ളി പുറത്തേക്കിടുന്നു. എന്നാല്‍ വീണ്ടും കൈകാര്യം ചെയ്യുന്നത് മറ്റൊരു പുരുഷനാണ്.

മര്‍ദ്ദനമേറ്റ യുവാക്കള്‍ കോടതിയിലെത്തി ബോധിപ്പിച്ചതുപോലെ അമൃതക്കൊപ്പമുള്ള പുരുഷന്മാര്‍ കൈയാങ്കളിയില്‍ പ്രധാന പങ്ക് വഹിച്ചുവെന്നാണ് പോലീസ് നിഗമനം.