രാജ്യത്തെ നടുക്കിയ പീഡനക്കേസ് പ്രതിയെ കുടുക്കിയത് കേരളാപൊലീസിന് നേട്ടമാകും

Posted on: March 10, 2013 9:37 am | Last updated: March 10, 2013 at 9:40 am
SHARE

bity-new-knrകണ്ണൂര്‍: രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ച അല്‍വാര്‍ പീഡനക്കേസിലെ വി ഐ പിയെ കുടുക്കാനായത് കേരളാ പോലീസിന്റെ വിശ്വാസ്യതക്ക് മാറ്റ് കൂട്ടും. ബണ്ടി ചോറിനെയും സൂര്യനെല്ലി പീഡനക്കേസ് പ്രതി ധര്‍മരാജനെയും കുടുക്കിയ കേരളാ പോലീസ് ബിറ്റി മൊഹന്തിയെ വലയിലാക്കി അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. നേരത്തെ ബലാത്സംഗ കേസുകളില്‍ ഏറ്റവും വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന രാജസ്ഥാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ക്ക് പൊന്‍തൂവല്‍ ചാര്‍ത്തുന്നതായിരുന്നു ബിറ്റിക്കേസ്. 2006 മാര്‍ച്ച് 21നാണ് രാജസ്ഥാനിലെ ഹോട്ടലില്‍ ജര്‍മന്‍ യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്. യുവതിയുടെ മൊബൈലില്‍, കാണാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് ബിറ്റി അയച്ച സന്ദേശത്തെ തുടര്‍ന്നാണ് ഇവര്‍ ലോഡ്ജിലെത്തിയത്. അവിടെ വെച്ചാണ് യുവതി ബലാത്സംഗത്തിനിരയായത്. ഇവരുടെ പരാതി കൈപ്പറ്റി 23 ദിവസങ്ങള്‍ക്കുള്ളിലാണ് ഫാസ്റ്റ് ട്രാക്ക് കോടതി ബിറ്റി ഹോത്ര മൊഹന്തി എന്ന ബിറ്റി മൊഹന്തിയെ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചത്. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നുവെന്നുമുള്ള ബിറ്റിയുടെ വാദം കോടതി അംഗീകരിച്ചില്ല. എട്ട് മാസത്തിനു ശേഷം പരോളിലിറങ്ങിയ ബിറ്റി പിന്നീട് മുങ്ങുകയായിരുന്നു.

ഡി ജി പിയായിരുന്ന പിതാവ് ബിന്ത്യ ഭൂഷണ്‍ മൊഹന്തിയായിരുന്നു മകന് ജാമ്യം നിന്നിരുന്നത്. ബിറ്റി മുങ്ങിയതിനെ തുടര്‍ന്ന് മകനെ ഒളിപ്പിച്ചെന്ന പരാതിയില്‍ ബി ബി മൊഹന്തിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തു. 2012ലാണ് മൊഹന്തി വിരമിച്ചത്. മകനും പീഡനത്തിനിരയായ യുവതിയും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും ഇരുവരും ഒന്നിച്ചു കഴിയുകയായിരുന്നുവെന്നും കാണിച്ച് പിതാവ് മനുഷ്യാവകാശ കമ്മീഷന് കത്തെഴുതുകയും ചെയ്തു.
ബിറ്റിയെ പിടികൂടാന്‍ പോലീസ് രാജ്യവ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സ്ഥിരമായി ഒരിടത്തു താമസിക്കാതെ ഇടക്കിടെ താമസം മാറ്റുന്നത് ഇയാളുടെ പതിവായിരുന്നു. സംശയം തോന്നിയാല്‍ ബിറ്റി മുങ്ങുമെന്ന് അറിയാവുന്ന പോലീസ് ഇയാളുടെ ഫോണ്‍ നമ്പര്‍ മനസ്സിലാക്കി സൈബര്‍ സെല്‍ മുഖാന്തരം തിരച്ചില്‍ നടത്തി. തുടര്‍ന്ന്, ബേങ്കില്‍ ജോലി ലഭിക്കുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് ചോദിച്ച് ഇയാളെ ഫോണില്‍ ബന്ധപ്പെട്ടു. ഇതിലൂടെയാണ് കണ്ണൂര്‍ ടൗണില്‍ ബിറ്റി ഉണ്ടെന്ന് ഉറപ്പിച്ചത്. ഇതോടെ ഹോട്ടലുകളിലും ലോഡ്ജുകളിലും തിരച്ചില്‍ നടത്തി ഇന്നലെ പുലര്‍ച്ചെ പിടികൂടുകയായിരുന്നു.
പഠനകാലത്ത് അമ്മാവനാണ് ബിറ്റിക്ക് പണം എത്തിച്ചുകൊടുത്തിരുന്നതെന്ന് പറയുന്നു. കേരളത്തില്‍ ഏറെക്കാലം താമസിച്ചതിനെ തുടര്‍ന്ന് മലയാളം സംസാരിക്കാന്‍ ബിറ്റിക്കു സാധിച്ചിരുന്നു. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ജര്‍മന്‍ യുവതി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായ വാര്‍ത്തകളിലൊന്നായിരുന്നു. പരോള്‍ കാലാവധി പൂര്‍ത്തിയായിട്ടും ജയിലില്‍ തിരിച്ചെത്താത്ത ബിറ്റിയെ 2006 ഡിസംബറിലാണ് പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നത്. ബിറ്റിയെ കണ്ടെത്തുന്നതിനായി രാജസ്ഥാന്‍, ഒറീസ പോലീസ് സംയുക്തമായി അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.