ജഗതി അപകടത്തില്‍ പെട്ടിട്ട് ഒരു വര്‍ഷം: പാണമ്പ്ര ഇപ്പോഴും അപകട മേഖല

Posted on: March 10, 2013 8:56 am | Last updated: March 10, 2013 at 8:56 am
SHARE

Xayjeതേഞ്ഞിപ്പലം: മലയാളത്തിലെ ജനപ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് പാണമ്പ്ര വളവില്‍ അപകടത്തില്‍പ്പെട്ട് ഒരു വര്‍ഷമാകുന്നു. 2012 മാര്‍ച്ച് പത്തിന് പുലര്‍ച്ചെ 4.30നായിരുന്നു അപകടം. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഇടവപ്പാതി’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകും വഴി അദ്ദേഹം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു.
യാത്രക്കാരുടെ സുരക്ഷക്കായി പാണമ്പ്ര വളവിലെ ദേശീയപാതക്ക് നടുവിലായി സ്ഥാപിച്ച ഡിവൈഡറാണ് അപകടത്തിനിടയാക്കിയത്.
ഇന്നോവ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതിനാല്‍ ജഗതിക്കും ഡ്രൈവര്‍ സുനില്‍കുമാറും സാരമായി പരുക്കേറ്റു. അപകടത്തെ തുടര്‍ന്ന് അഡ്വ. കെ എന്‍ എ ഖദാര്‍ എം എല്‍ എ അടക്കമുള്ളവര്‍ പാണമ്പ്ര വളവ് സന്ദര്‍ശിക്കുകയും സംരുക്ഷ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഇതു പ്രകാരം പാണമ്പ്രയില്‍ ഡിവൈഡര്‍ തുടങ്ങുന്ന ഇരു ഭാഗത്തും ടയറുകള്‍ സ്ഥാപിച്ച് വാഹനങ്ങള്‍ ഡിവൈഡറില്‍ ഇടിക്കുന്നത് തടയലായിരുന്നു ലക്ഷ്യം. എന്നാല്‍ സ്ഥാപിച്ച ടയറുകളെല്ലാം പിന്നീട് ഇറങ്ങിപ്പോയി. സിഗ്നലുകളും അതോടെ ഇല്ലാതായി. ദിനംപ്രതി നൂറ് കണക്കിന് ദീര്‍ഘ ദൂര വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീപാത പാണമ്പ്ര വളവില്‍ നിലവില്‍ കാര്യമായ യാതൊരു സുരക്ഷാ സംവിധാനവുമില്ല.
തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം യാഥാര്‍ഥ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നാളിതുവരെയായിട്ടും നടപടി സ്വീകരിച്ചിട്ടില്ല. സുരക്ഷാ സംവിധാനത്തിലെ പാളിച്ച കാരണം പാണമ്പ്ര വളവില്‍ ചരക്കുലോറികളും ചെറു വാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഇരുപതോളം പേര്‍ മരിക്കുകയും കൊച്ചിയിലെ അമ്യൂസ്‌മെന്റ്പാര്‍ക്കില്‍ നിന്ന് മടങ്ങുകയായിരുന്ന തലശ്ശേരിയിലെ കടുംബശ്രീ അംഗങ്ങള്‍ സഞ്ചരിച്ച ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി ഒരു സ്ത്രീ മരിക്കുകയും ചെയ്തിരുന്നു.