Connect with us

Malappuram

കുടിവെള്ള സ്രോതസ്സുകള്‍ വറ്റി: മലയോര നിവാസികള്‍ ദുരിതത്തില്‍

Published

|

Last Updated

kalikavu kudivella srothassukal vatti . copy

ചോക്കാട് നെല്ലിക്കര മലവാരത്തില്‍ നിന്നുള്ള പുഴയുടെ ഉത്ഭവ സ്ഥാനം വറ്റിയ നിലയില്‍

കാളികാവ്: മലയോരങ്ങളിലെ കുടിവെള്ള സ്രോതസുകള്‍ വറ്റിത്തുടങ്ങിയതിനാല്‍ ജനം ദുരിതത്തിലായി. മലവാരങ്ങളുടെ താഴ്‌വാരങ്ങളില്‍ താമസിക്കുന്നവരും വനത്തിനുള്ളില്‍ കഴിയുന്നവരും ജല സ്രോതസുകള്‍ വറ്റിയതിനാല്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. മലവാരങ്ങളിലെ കാട്ടുചോലകളില്‍ നിന്ന് പൈപ്പ് ഇട്ടാണ് കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള കുടുംബങ്ങള്‍ ഉള്‍പ്പടെ കുടിക്കാനും കുളിക്കാനും വെള്ളം എത്തിച്ച് കൊണ്ടിരിക്കുന്നത്.
മലവാരങ്ങളിലെ പുഴകളുടെ ഉത്ഭവ കേന്ദ്രങ്ങളില്‍ ഇതാദ്യമായിട്ടാണ് വേനല്‍കാലം തുടങ്ങിയപ്പോള്‍തന്നെ വെള്ളം വറ്റുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഉള്‍വനത്തില്‍ ചെറിയ ചെറിയ ജല സ്രോതസുകളില്‍ കാട്ടാനകളും, കാട്ടുപന്നികളും ഇറങ്ങുന്നതിനാല്‍ ചെറിയ നീരുറവകള്‍ പാടെ മലിനമാകുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ചോലകളില്‍ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പൈപ്പുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഒഴിവുദിനങ്ങളില്‍ വനത്തിനുള്ളിലേക്ക് പോകുന്ന വിനോദ സഞ്ചാരികളും പ്ലാസ്റ്റിക്ക് കുപ്പികളും, മറ്റും ഉപയോഗിച്ച് ചോലകള്‍ മലിനമാക്കുന്നതായും ആരോപണമുണ്ട്. വേനല്‍ കടുത്തതോടെ ഇത്തരം സമൂഹവിരുദ്ധരെ വനപാലകരുമായി കൂടിച്ചേര്‍ന്ന് കൈകാര്യം ചെയ്യാനാണ് നാട്ടുകാരുടെ ശ്രമം. ജലക്ഷാമം തുടങ്ങിയതോടെ വിനോദസഞ്ചാരം വനത്തിനുള്ളില്‍ കര്‍ശനമായ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
ഉള്‍വനങ്ങളിലെ ചോലകളില്‍ നിന്ന് പൈപ്പ് വഴി എത്തുന്ന വെള്ളം വലിയ പാത്രങ്ങിലാക്കി ശേഖരിച്ചാണ് ആളുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഉച്ചയാകുമ്പോഴേക്കും തന്നെ ആകെയുള്ള നീരുറവകളും വറ്റിത്തുടങ്ങും. രാത്രിയാകുമ്പോള്‍ വീണ്ടും ഉറവകള്‍ ഉണ്ടാവുകയും ചെറിയ തോതില്‍ ചോലകളില്‍ നിന്ന് വെള്ളം കിട്ടുകയും ചെയ്യുന്നു. എന്നാല്‍ ഏതാനും ദിവസങ്ങളായി ഇത്തരം നീരുറവകളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മലയോരങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ നടപ്പിലാക്കിയ കുടിവെള്ള പദ്ധതികളില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് കുറച്ചെങ്കിലും പ്രവര്‍ത്തിക്കുന്നത്. ആദിവാസികളുടേയും, മറ്റ് ദളിത് കുടുംബങ്ങളുടേയും പേരില്‍ നടപ്പിലാക്കിയ ഒരു പദ്ധതിപോലും മലവാരങ്ങളില്‍ പ്രവര്‍ത്തനക്ഷമമായിട്ടുമില്ല.