പത്തിന്റെ പടി കടക്കാന്‍ 77,496 വിദ്യാര്‍ഥികള്‍

Posted on: March 10, 2013 8:42 am | Last updated: March 10, 2013 at 8:42 am
SHARE

2009031253990301മലപ്പുറം: പത്താം ക്ലാസുകാര്‍ നാളെ പരീക്ഷാ ഹാളിലേക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷക്കിരിക്കുന്നത് ഇത്തവണയും മലപ്പുറത്താണ്. 279 സ്‌കൂളുകളില്‍ നിന്നായാണ് 77,496 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ പരീക്ഷക്കിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 75193 കുട്ടികളായിരുന്നു. കഴിഞ്ഞ തവണത്തെക്കാള്‍ കുട്ടികളും പരീക്ഷാ സെന്ററുകളും ഇത്തവണ കൂടിയിട്ടുണ്ട്. കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്ന വിദ്യാഭ്യാസ ജില്ല തിരൂരാണ്. 37060 വിദ്യാര്‍ഥികള്‍. 235 പരീക്ഷാകേന്ദ്രങ്ങളാണ് ഇത്തവണ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. മുന്‍ വര്‍ഷം ഇത് 214 ആയിരുന്നു.
പരീക്ഷാര്‍ത്ഥികളില്‍ 38,779 പെണ്‍കുട്ടികളും 38,005 ആണ്‍കുട്ടികളുമാണ്. മുന്‍ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തുന്നത് എടരിക്കോട് പി കെ എം എം എച്ച് എസ് എസിനാണ്. ഇവിടെ 1538 കുട്ടികളെയാണ് പരീക്ഷയെഴുതുക. കഴിഞ്ഞ തവണ 1200 പേരാണ് ഇവിടെ പരീക്ഷക്കിരുന്നത്.
മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ കൊട്ടൂക്കര പി പി എം എച്ച് എസ് എസും വണ്ടൂര്‍ വിഭ്യാഭ്യാസ ജില്ലയില്‍ മേലാറ്റൂര്‍ ആര്‍ എം എച്ച് ജി എച്ച് എസുമാണ് കൂടുതല്‍ പേരെ പരീക്ഷക്കിരുത്തുന്നത്. കൊട്ടൂക്കരയില്‍ 1188ഉം മേലാറ്റൂരില്‍ 759കുട്ടികളും പരീക്ഷയെഴുതും. വെള്ളിയാഴ്ച പരീക്ഷയുണ്ടായിരിക്കില്ല. എന്നാല്‍ ശനിയാഴ്ച പരീക്ഷയുണ്ടാകും. ഐ ടി പരീക്ഷ ഇതിനകം നടന്നുകഴിഞ്ഞു. ആദ്യമായി ഇത്തവണ ഓണ്‍ലൈനായാണ് ഐ ടി പരീക്ഷ നടന്നത്.
പരീക്ഷാ നടത്തിപ്പിനായി സൂപ്രണ്ടുമാരെയും ഡെപ്യൂട്ടീ സൂപ്രണ്ടുമാരെയും ഇന്‍വിജിലേറ്റര്‍മാരെയും നിയമിച്ചുകഴിഞ്ഞു. ചോദ്യപ്പേപപ്പറുകള്‍ ക്ലസ്റ്ററുകളാക്കി തരംതിരിച്ച ശേഷം ഇവ ട്രഷറികളിലേക്കും എസ് ബി ടിയിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇവ പരീക്ഷയാരംഭിക്കുന്ന നാളെ രാവിലെ ഒമ്പത് മുതല്‍ വിതരണം ആരംഭിക്കും. പരീക്ഷാ ചൂടിന് പുറമെ ഇത്തവണ ജില്ലയില്‍ ഉയര്‍ന്ന ചൂടാണ് അന്തരീക്ഷത്തിനുള്ളത്. 39-40 ഡിഗ്രി ചൂട് വരെ ജില്ലയില്‍ രേഖപ്പെടുത്തി. ചൂട് പരിഗണിച്ച് പരീക്ഷാര്‍ത്ഥികള്‍ക്ക് ലേബലില്ലാത്ത കുപ്പിയില്‍ വെള്ളം കൊണ്ടുവരാന്‍ അനുമതിയുണ്ട്. ആവശ്യമുള്ളവര്‍ക്ക് എഴുത്തുപാഡും കൊണ്ടുവരാം. പരീക്ഷയെ ഭയപ്പാടില്ലാതെ നേരിടാന്‍ വിദ്യാഭ്യാസ അധികൃതരും സ്‌കൂള്‍മാനേജ്‌മെന്റുകളും പി ടി എകളും പ്രത്യേക പരിശീലന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണ്. പരീക്ഷാകാലത്ത് ലോഡ്‌ഷെഡിംഗ് ഉണ്ടാവില്ലെന്ന വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായിരിക്കുകയാണ്. ഹയര്‍സെക്കന്‍ഡറി പരീക്ഷ നടക്കുന്ന ദിവസങ്ങളിലും എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നൊരുക്കം നടത്തേണ്ട ദിവസങ്ങളിലുമെല്ലാം വൈദ്യുതി മുടങ്ങിയത് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചു.