വൈകുന്ന ശ്രേഷ്ഠ ഭാഷാ പദവി

Posted on: March 10, 2013 2:00 am | Last updated: March 10, 2013 at 2:01 am
SHARE

SIRAJ.......മലയാളത്തിന്റെ ശ്രേഷ്ഠ ഭാഷാ പദവിക്കായുള്ള കാത്തിരിപ്പ് പിന്നെയും നീളുകയാണ്. പദവി കരഗതമായെന്നും ഇനിയൊരു തടസ്സവുമില്ലെന്നുമാണ് വാര്‍ത്ത നേരത്തെ വന്നത്. കേന്ദ്ര സാംസ്‌കാരിക വകുപ്പ് ശിപാര്‍ശ ചെയ്തുവെന്നും കേന്ദ്ര മന്ത്രിസഭയില്‍ വെക്കേണ്ട താമസമേയുള്ളൂവെന്നുമാണ് ഒടുവില്‍ കേട്ടത്. പക്ഷേ, കഴിഞ്ഞ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ആ ശിപാര്‍ശ വന്നില്ല. ശ്രേഷ്ഠഭാഷാ പദവി നല്‍കണമെന്ന ശിപാര്‍ശയോടൊപ്പം നല്‍കേണ്ട വിദഗ്ധ സമിതിയുടെ കുറിപ്പ് ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് പ്രശ്‌നം. പദവി പരിഗണനയിലാണെന്നും വിദഗ്ധ സമിതിയുടെ കുറിപ്പ് തയ്യാറായിട്ടില്ലെന്നുമാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രി ചന്ദ്രേഷ് കുമാരി കഠോജ് പറയുന്നത്. ശിപാര്‍ശ കേന്ദ്ര മന്ത്രിസഭക്കയച്ചാലും ഇക്കാര്യം എപ്പോള്‍ പരിഗണിക്കുമെന്ന് പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു. ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുവെന്ന് ചുരുക്കം. ഈയിടെ വിവിധ ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയില്‍ ചെന്ന് വിവിധ മന്ത്രിമാരെ കണ്ട കൂട്ടത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രി ചന്ദ്രേഷ് കുമാരി കഠോജിനെയും കണ്ടിരുന്നു. ഏതാനും വകുപ്പുകളുടെ ക്ലിയറന്‍സ് കിട്ടാനുണ്ടെന്നും അത് ലഭിക്കുന്നതോടെ ഫയല്‍ മന്ത്രിസഭക്ക് അയക്കാനാകുമെന്നുമാണ് മന്ത്രി അദ്ദേഹത്തോട് പറഞ്ഞത്.
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കുന്നതിന് കഴിഞ്ഞ ഡിസംബര്‍ 19നാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ധ സമിതി അംഗീകാരം നല്‍കിയത്. ഇതിനു വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി സാംസ്‌കാരിക വകുപ്പ് വൃത്തങ്ങള്‍ കഴിഞ്ഞ 23ന് അറിയിക്കുകയും ചെയ്തു. പക്ഷേ, സാംസ്‌കാരിക വകുപ്പിന്റെ വാക്ക് പൂര്‍ണമായും ശരിയായിരുന്നില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. മലയാളത്തിന് ക്ലാസിക്കല്‍ പദവിയുണ്ടെന്നതിനുള്ള തെളിവുകളും അന്വേഷണ നിഗമനങ്ങളും ഉള്‍പ്പെടുത്തി വിശദമായ കുറിപ്പോടെ ഫയല്‍ തയ്യാറാക്കുന്ന പ്രക്രിയ ഇഴയുക തന്നെയാണ്. ഈ മെല്ലെപ്പോക്ക് എത്രയും വേഗം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇതിനായി സംസ്ഥാന സര്‍ക്കാറും ഭാഷാവിദഗ്ധരും നിരന്തരം സമ്മര്‍ദം ചെലുത്തുകയും വേണം.
മലയാളം ഒഴികെ ദക്ഷിണേന്ത്യന്‍ ഭാഷകളായ തമിഴിനും തെലുങ്കിനും കന്നഡക്കും ഈ പദവി ഇതിനകം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. മറ്റ് പലകാര്യങ്ങളിലുമെന്ന പോലെ ഇവിടെയും കേരളം അവഗണിക്കപ്പെടുന്നുവെന്ന മുറവിളിയുടെ അടിസ്ഥാനമിതാണ്. ജ്ഞാനപീഠം ജേതാവ് ഒ എന്‍ വി കുറപ്പ്, കവയിത്രി സുഗതകുമാരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതികരണങ്ങളാണ് ഉയര്‍ന്നത്. മലയാളത്തില്‍ നിന്ന് തന്നെ എതിര്‍ ശബ്ദങ്ങളും ഉയര്‍ന്നു. ഭാഷയുടെ പേരില്‍ സ്ഥാനമാനങ്ങള്‍ നേടുന്നതിനും ഫണ്ട് തരമാക്കുന്നതിനുമുള്ള തത്രപ്പാട് മാത്രമാണ് ശ്രേഷ്ഠ ഭാഷാ പദവി ആവശ്യത്തിന് പിന്നിലെന്ന് വിമര്‍ശകര്‍ വാള്‍ ചുഴറ്റി. തമിഴിന്റെ തുടര്‍ച്ചയാണ് മലയാളമെന്നും പഴക്കത്തിലല്ല ഭാഷയുടെ മഹത്വമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ പഴക്കത്തിന്റെ പേരില്‍ നല്‍കുന്ന പദവി ഭാഷയുടെ അഭിമാനകരമായ നിലനില്‍പ്പിന് അനിവാര്യമല്ലെന്നും വാദമുയര്‍ന്നു.
കേന്ദ്ര സര്‍ക്കാറിന്റെ മാനദണ്ഡമനുസരിച്ച് രണ്ടായിരം വര്‍ഷം പഴക്കമുള്ള ഭാഷക്കാണ് ക്ലാസിക്കല്‍ പദവി നല്‍കുന്നത്. മലയാളത്തിന് ഇത്രയും പഴക്കമില്ലെന്ന വാദം ശക്തമായതോടെ ശ്രേഷ്ഠഭാഷാ പദവി നല്‍കേണ്ടതില്ലെന്നായിരുന്നു ഇതുസംബന്ധിച്ച സമിതി ശിപാര്‍ശ ചെയ്തിരുന്നത്. പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ തന്നെയാണ് ഇന്നത്തെ നിലയിലേക്കെങ്കിലും കാര്യങ്ങള്‍ പുരോഗമിച്ചതിന് പിന്നില്‍. പ്രധാനമന്ത്രിയെ വരെ ഈ വിഷയത്തില്‍ കാണേണ്ടി വന്നു.
രണ്ട് തരം ആലോചനകളാണ് ശ്രേഷ്ഠ ഭാഷാ പദവിക്കായുള്ള കാത്തിരിപ്പിനിടെ പ്രസക്തമാകുന്നത്. ശ്രേഷ്ഠഭാഷയായി അംഗീകരിച്ചാല്‍ ഭാഷാ വികസനത്തിന് നൂറ് കോടി രൂപയോളം കേന്ദ്ര സഹായം ലഭിക്കുമെന്നത് ചെറിയ കാര്യമല്ലെന്നതാണ് ഒന്നാമത്തെ ചിന്താ വിഷയം. വിവിധ പഠന ഗവേഷണ പദ്ധതികള്‍ക്കായി ഈ തുക ചെലവിടാനാകും. നല്ല സംഘാടനവും ദീര്‍ഘ വീക്ഷണവും പുറത്തെടുക്കാന്‍ നമ്മുടെ അക്കാഡമീഷ്യന്‍മാര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും സാധിച്ചാല്‍ ഈ വാര്‍ഷിക ഗ്രാന്റ് കൊണ്ട് വലിയ നേട്ടങ്ങള്‍ കൊയ്യാനാകും. തമിഴും തെലുങ്കുമൊക്കെ നമ്മുടെ മുന്നില്‍ മാതൃകയായുണ്ട്.
ഒരേ സമയം മരിക്കുകയും യൗവനപൂര്‍വം ജീവിക്കുകയും ചെയ്യുന്ന ഭാഷയാണ് മലയാളമെന്നതാണ് ആലോചനക്ക് വെക്കേണ്ട രണ്ടാമത്തെ കാര്യം. മറ്റേത് ഭാഷയെയും അതിശയിപ്പിക്കുന്ന സാഹിത്യ സപര്യ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഭാഷ. ഭാഷാ പ്രയോഗങ്ങളുടെ ഏത് തുറയിലും ആഗോള മേന്‍മ അവകാശപ്പെടാവുന്ന സൃഷ്ടികള്‍ ഇവിടെയുണ്ടാകുന്നു. ഏറ്റവും പുതിയ സാഹിത്യപ്രസ്ഥാനങ്ങള്‍ ഈ ഭാഷയിലേക്ക് കടന്നുവരുന്നു. അവയെ അപ്പടി അനുകരിക്കുകയല്ല ഈ ഭാഷ ചെയ്യുന്നത്. നവംനവങ്ങളായ ശൈലികളും സമ്പ്രദായങ്ങളും പരീക്ഷണങ്ങളും ഇവിടെ ജന്‍മം കൊള്ളുന്നു. അങ്ങനെ തികച്ചും ചലനാത്മകമായ ഭാഷയായി അത് നിലകൊള്ളുന്നു. എന്നാല്‍ ഇതിന് ഒരു മറുപുറമുണ്ട്. ഏറ്റവും പുതിയ തലമുറയിലെയും തൊട്ടു മുമ്പത്തെ തലമുറയിലെയും ഒരു പറ്റം യുവാക്കള്‍ ‘മലയാല’ത്തിന്റെ പിറകേ പോകുന്നു. അവര്‍ക്ക് ഒട്ടും ഭാഷാഭിമാനമില്ല. ഇംഗ്ലീഷ് കടന്നുകയറ്റത്തില്‍ അവരുടെ മലയാളം വശം കെട്ടു പോയിരിക്കുന്നു. പഠനത്തിന്റെ മാധ്യമം ആംഗലേയമായതോടെ ഈ ദുഃസ്ഥിതി കൂടുതല്‍ അപകടകരമായിരിക്കുന്നു. വായനയില്‍ നിന്ന് ആനന്ദം കണ്ടെത്തുന്നവരുടെ എണ്ണം വല്ലാതെ കുറയുന്നുവെന്നതാണ് ഇതിന്റെ പാര്‍ശ്വ ഫലം.
ഈ സങ്കടങ്ങള്‍ക്ക് മലയാളത്തിന്റെ ശ്രേഷ്ഠ ഭാഷാ പദവി പരിഹാരമാകുമെന്ന് തോന്നുന്നില്ല. അത് മലയാളിയുടെ ഉള്ളില്‍ നിന്ന് ഉണ്ടാകേണ്ടതാണ്. അത്തരം ജാഗരണങ്ങള്‍ക്ക് ക്ലാസിക്കല്‍ പദവി വേണമെന്നുമില്ല. സ്വന്തം പെറ്റമ്മയെ പരിചരിക്കാന്‍ എന്തിനാണ് ഗ്രാന്റ്? തമിഴന്റെ ഭാഷാസ്‌നേഹം ഭാഷാ ഭ്രാന്തോ ഭാഷാ തീവ്രവാദമോ ആകാം. പക്ഷേ, അതിന് ആത്മാര്‍ഥതയുടെ തിളക്കമില്ലേ? ഒരു ഭാഷയെ ജീവിപ്പിച്ച് നിര്‍ത്തുന്നത് ഈ ആത്മര്‍ഥതയല്ലാതെ മറ്റെന്താണ്?