Connect with us

Kerala

പദ്ധതി രൂപവത്കരണം: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പഞ്ചായത്തുകളെ വെട്ടിലാക്കുന്നു

Published

|

Last Updated

പാലക്കാട്: അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപവത്കരണം ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ പൂത്തീകരിക്കണമെന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പഞ്ചായത്തുകളെ വെട്ടിലാക്കുന്നു. ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ വര്‍ഷത്തെ പദ്ധതികളുടെ നടത്തിപ്പ് ഇതുവരെയും തുടങ്ങിയില്ലെന്നിരിക്കെ, ധൃതിപിടിച്ച് അടുത്ത പദ്ധതി തയ്യാറാക്കാനുള്ള തീരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതാണ് പരാതികള്‍ക്ക് അടിസ്ഥാനം. —
അടുത്ത പദ്ധതികള്‍ക്ക് മാര്‍ച്ച് 20ന് മുമ്പ് ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി വാങ്ങണമെന്നു കാട്ടി തദ്ദേശ വകുപ്പ് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷാരംഭത്തില്‍ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ബജറ്റും പദ്ധതി നടത്തിപ്പുമായി ഏകോപനമുണ്ടാക്കാനും ഇതുവഴി കഴിയുമെന്നാണ് വിലയിരുത്തല്‍. പഞ്ചവത്സരപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യ വര്‍ഷ പദ്ധതികള്‍ക്കൊപ്പം രണ്ടാം വര്‍ഷ പദ്ധതിയും തയ്യാറാക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീടിത് വേണ്ടെന്നു വെച്ചു. നടപടി സംബന്ധിച്ച് മാറിവരുന്ന ഉത്തരവുകളും ഭേദഗതികളും ആശയക്കുഴപ്പമുണ്ടാക്കി. പ്രൊജക്ടുകള്‍ക്ക് അനുമതി തേടാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയെങ്കിലും തുടര്‍നടപടികള്‍ ഇഴഞ്ഞതോടെ നടത്തിപ്പ് വൈകി. സംസ്ഥാനത്ത് ഇതുവരെ 1,80,000 പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു കഴിഞ്ഞു.

Latest