ബിറ്റി കണ്ണൂരില്‍ ജീവിച്ചത് തെലുങ്ക് ബ്രാഹ്മണനായി

Posted on: March 10, 2013 6:15 am | Last updated: March 10, 2013 at 1:21 am
SHARE

കണ്ണൂര്‍: ഒരു പുരോഹിതന്റെ മട്ടും ഭാവവുമായിരുന്നു ബിറ്റിക്ക്. സൗമ്യന്‍, ശാന്തന്‍, ഹൃദ്യമായ പെരുമാറ്റം, ജോലിയില്‍ കൃത്യനിഷ്ഠ. ആരെയും എളുപ്പം കൈയിലെടുക്കാന്‍ പറ്റുന്ന തരത്തിലുള്ളതായിരുന്നു കണ്ണൂര്‍ പോലീസിന്റെ വലയില്‍ കുരുങ്ങിയ ബിറ്റി മൊഹന്തി എന്ന വി ഐ പി കുറ്റവാളിയുടെ സ്വഭാവ സവിശേഷത. ആന്ധ്രപ്രദേശിലെ ഉന്നത ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന ഒരാളാണ് താനെന്നാണ് ബിറ്റി സ്വയം പരിചയപ്പെടുത്തിയിരുന്നത്. ആരെന്തു പറഞ്ഞാലും ഒട്ടും പ്രതികരിക്കാതെ പുഞ്ചിരിച്ചു കൊണ്ടേയിരിക്കുന്ന ഇയാള്‍ ആഹാര കാര്യത്തിലും മറ്റും വളരെ ചിട്ടയുള്ളയാളായിരുന്നുവത്രെ. ബിറ്റിയെ പഴയങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴും മുഖത്ത് കാണാനായത് തികഞ്ഞ ‘നിഷ്‌കളങ്കത’ തന്നെയായിരുന്നു.
ചോദ്യം ചെയ്യലില്‍ ആദ്യം പിടിച്ചുനിന്നെങ്കിലും പിന്നീട് പോലീസ് തിരയുന്ന കുറ്റവാളിയാണെന്ന് ബിറ്റി വെളിപ്പെടുത്തുകയായിരുന്നു. എസ് ബി ടി മാടായി ബ്രാഞ്ചില്‍ പ്രൊബേഷനറി ഓഫീസറായി ഒമ്പത് മാസമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ബിറ്റി മൊഹന്തി. പരോളില്‍ ഇറങ്ങി ഒളിവില്‍ പോയ ശേഷം ആന്ധ്രപ്രദേശില്‍ നിന്നാണ് സ്റ്റേറ്റ് ബേങ്കിലേക്ക് പ്രൊബേഷനറി ഓഫീസറായി റിക്രൂട്ട് ചെയ്യപ്പെട്ടതെന്നാണ് വിവരം. ആന്ധ്രപ്രദേശ് പുട്ടപര്‍ത്തി സ്വദേശി രാജീവ് രാജിന്റെ മകന്‍ രാഘവ് രാജ് എന്നായിരുന്നു ഇയാളുടെ പിന്നീടുള്ള മേല്‍വിലാസം.
ബേങ്കില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് ബിറ്റിയുടെ പൂര്‍വകാല ചരിത്രം വിവരിച്ചുകൊണ്ടുള്ള അജ്ഞാത കത്ത് ബേങ്ക് അധികൃതര്‍ക്ക് ലഭിച്ചത്. ഇതിനൊപ്പമുണ്ടായിരുന്ന ബിറ്റിയുടെ ഇന്റര്‍നെറ്റില്‍ വന്ന ഫോട്ടോ കണ്ട ബേങ്ക് അധികൃതര്‍ ഇയാളെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് രാജ്യം തിരയുന്ന കുറ്റവാളിയാണ് തങ്ങള്‍ക്കൊപ്പം ജോലി ചെയ്തതെന്ന വിവരം ബേങ്കിലെ സഹപ്രവര്‍ത്തകര്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞത്. ഒമ്പത് മാസം മുമ്പ് ജോലിക്ക് ചേര്‍ന്ന ബിറ്റി കൃത്യനിഷ്ഠയോടും മാന്യമായ രീതിയിലുമാണ് പെരുമാറിയിരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പോലീസിനോടു പറഞ്ഞു. പഴയങ്ങാടിയില്‍ വാടക വീടുണ്ടെങ്കിലും ഇയാള്‍ ഇവിടെ താമസിച്ചിരുന്നില്ലത്രെ. എവിടെയാണ് താമസിക്കുന്നതെന്ന കാര്യം സഹപ്രവര്‍ത്തകരില്‍ നിന്നും ഇയാള്‍ മറച്ചുവെച്ചതായാണ് സൂചന.
ബിറ്റിയുടെ ബേങ്ക് അക്കൗണ്ടില്‍ വന്‍ തുക നിക്ഷേപിക്കപ്പെടുന്നതായും ഇയാള്‍ ഒന്നിലേറെ മൊബൈല്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ചതായും പറയുന്നു. നിരവധി യുവതികളുമായി ബന്ധം പുലര്‍ത്തിയതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.