പാര്‍ട്ടിക്ക് വിധേയനായാല്‍ ഗണേഷിന് തുടരാം: ആര്‍ ബാലകൃഷ്ണ പിള്ള

Posted on: March 10, 2013 6:02 am | Last updated: March 10, 2013 at 1:11 am
SHARE

ganesh pillai

തിരുവനന്തപുരം: പാര്‍ട്ടിക്ക് വിധേയനാകാന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ഒരിക്കല്‍ കൂടി അവസരം നല്‍കാന്‍ കേരളാ കോണ്‍ഗ്രസ് ബി നേതൃയോഗം തീരുമാനിച്ചു. നിലപാട് മയപ്പെടുത്താന്‍ ഗണേഷ് തയ്യാറാകുകയും മധ്യസ്ഥശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മന്ത്രിയെ പിന്‍വലിക്കണമെന്ന ആവശ്യം തത്കാലം മാറ്റിവെക്കും. അടുത്ത മാസം രണ്ടിന് ചേരുന്ന യു ഡി എഫ് യോഗം വരെ കാത്തിരിക്കാനാണ് തീരുമാനം.
പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിച്ചാല്‍ മന്ത്രി തുടരുന്നതിന് തടസ്സം നില്‍ക്കില്ലെന്ന് യോഗത്തിന് ശേഷം ആര്‍ ബാലകൃഷ്ണ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തത്കാലം യോജിപ്പിന്റെ വഴി അടക്കുന്നില്ല. മന്ത്രിയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫിന് നല്‍കിയ കത്ത് പിന്‍വലിച്ചിട്ടുമില്ല. പാര്‍ട്ടിക്ക് വിധേയനാകാന്‍ തയ്യാറായാല്‍ സ്വര്‍ണത്താലത്തില്‍ നല്‍കിയ കത്തായാലും പിന്‍വലിക്കും.
മറ്റ് മന്ത്രിമാര്‍ പാര്‍ട്ടിക്ക് വിധേയരായി പ്രവര്‍ത്തിക്കുന്നതുപോലെ ഗണേഷും പാര്‍ട്ടിയെ അനുസരിക്കണം. പാര്‍ട്ടി നിയമിച്ച മന്ത്രിയെ പിന്‍വലിക്കാന്‍ പാര്‍ട്ടിക്ക് അധികാരമുണ്ട്. ഇതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. പകരം മറ്റൊരാളെ മന്ത്രിയാക്കാന്‍ കഴിയാത്തതിനാല്‍ ഗണേഷിനെ പിന്‍വലിക്കാനാകില്ലെന്ന നിലപാട് കേരളത്തിന്റെ പശ്ചാത്തലത്തില്‍ ശരിയല്ല. മന്ത്രിയായി നിയമിക്കപ്പെട്ടാല്‍ പാര്‍ട്ടിയുമായുള്ള പൊക്കിള്‍കുടി ബന്ധം വിച്ഛേദിക്കുമെന്നുള്ള സിദ്ധാന്തവും അതു ശരിയാണെന്നു വരുത്തിത്തീര്‍ക്കുന്നതും ശരിയല്ല. അങ്ങനെയായാല്‍ മന്ത്രിസ്ഥാനത്തു കയറിക്കൂടുന്നവര്‍ക്ക് എന്തും ചെയ്യാമെന്ന അവസ്ഥ വരും.
അച്ഛനും മകനും തമ്മിലുള്ള അഭിപ്രായവ്യത്യാസമല്ല ഇപ്പോഴുള്ളത്. അങ്ങനെയായിരുന്നെങ്കില്‍ പത്തനാപുരത്ത് മത്സരിക്കാന്‍ ഗണേഷിന് സീറ്റ് കൊടുക്കുമായിരുന്നില്ല. മന്ത്രിയായതിനുശേഷം പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ധിക്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതാണ് ഭിന്നതക്കു കാരണം. നേതൃയോഗത്തിലേക്ക് ഗണേഷിനു വേണമെങ്കില്‍ വരാമായിരുന്നുവെന്നും പിള്ള പറഞ്ഞു.