Connect with us

Kerala

മഅദനി കൊല്ലത്തെത്തി

Published

|

Last Updated

മഅദനിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു ● ചിത്രം: ടി ശിവജികുമാര്‍

ബംഗളൂരു/തിരുവനന്തപുരം/കൊല്ലം:  മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി താത്കാലിക ജാമ്യം ലഭിച്ച പി ഡി പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി കൊല്ലത്ത് എത്തി. രാത്രി 9.40നാണ് സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മഅ്ദനിയും ബംഗളൂരു പൊലീസ് സംഘവും തിരുവനന്തപുരത്തെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തെ പ്രത്യേക സജ്ജീകരണങ്ങളുള്ള ആംബുലന്‍സ് മാര്‍ഗം കൊല്ലത്തെത്തിക്കുകയായിരുന്നു. നേരത്തെ ചികിത്സ തേടിയിരുന്ന കൊല്ലം അസീസിയ്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 665-ാം നമ്പര്‍ വാര്‍ഡിലാണ് മഅ്ദനി താമസിക്കുക. മറ്റു അഞ്ച് റൂമുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരും മറ്റും താമസിക്കും. രാവിലെ കൊട്ടിയത്ത് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി മഅദനി പുറപ്പെടും. 12 മണിയോടെയാണ് മകളുടെ നിക്കാഹ്. തിങ്കളാഴ്ച അന്‍വാര്‍ശ്ശേരിയിലെത്തി പിതാവിനെ കാണും. ബുധനാഴ്ചയോടെ ബംഗളൂരുവിലേക്ക് തിരിക്കും.

കനത്ത സുരക്ഷാ വലയത്തിനിടെ അനുയായികളുടെ തിക്കിനും തിരക്കിനും ഇടയില്‍ നിന്ന് അത്യധികം പാടുപെട്ടാണ് മഅദനിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിച്ചത്. പ്രവര്‍ത്തരുടെ ആവേശം അണപൊട്ടിയൊഴികിയതോടെ അദ്ദേഹത്തെ പുറത്തെത്തിക്കാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. കൊല്ലത്തും പി ഡി പി പ്രവര്‍ത്തകരുടെ വന്‍ സംഘം മഅ്ദനിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ആശുപത്രിക്ക് ചുറ്റും കനത്ത സുരക്ഷാ വലയം തീര്‍ത്തിട്ടുണ്ട്. അത്യാസന്ന നിലയിലുള്ള രോഗികളെ മാത്രമേ ഇപ്പോള്‍ ആശുപത്രിക്ക് ഉള്ളിലേക്ക് കടത്തിവിടുന്നുള്ളൂ.

മഅ്ദനിയേയുമായി ബംഗളൂരുവില്‍ നിന്ന് വൈകീട്ട് 6.45നാണ് വിമാനം പുറപ്പെട്ടത്. മഅ്ദനിയുടെ മക്കളും അഭിഭാഷകനും ജസ്റ്റിസ് ഫോര്‍ മഅ്ദനി സംഘടനയിലെ അംഗങ്ങളും അദ്ദേഹത്തിനൊപ്പമുണ്ട്. രാവിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും കര്‍ണാടക പോലീസിന്റെ അനാസ്ഥയെ തുടര്‍ന്ന് ഏറെ നേരം അദ്ദേഹത്തിന് വിമാനത്താവളത്തില്‍ ചെലവഴിക്കേണ്ടിവന്നു. മഅ്ദനിക്കൊപ്പമുള്ള കര്‍ണാടക പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആയുധങ്ങളുമായി വിമാനത്തില്‍ കയറാന്‍ അനുമതി നല്‍കുന്ന ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതാണ് യാത്ര വൈകിപ്പിച്ചത്. ഇതിനൊപ്പം ജയിലില്‍ കഴിയുന്നവര്‍ക്കുള്ള വിമാന യാത്രാ രേഖകളും പോലീസ് നല്‍കിയിരുന്നില്ല.