Connect with us

Gulf

ചരിത്രത്തിലേക്കു നങ്കൂരമിട്ട കപ്പല്‍ സ്മരണയില്‍ ഒരു പ്രദര്‍ശനം

Published

|

Last Updated

മസ്‌കത്ത് : ഒമാന്‍ കണ്ടെടുത്ത് പുനര്‍ പുനര്‍നിര്‍മാണം നടത്തുകയും സിംഗപ്പൂരിലേക്ക് യാത്രനടത്തുകയും ചെയ്ത കപ്പല്‍ ചരിത്രം അനാവരണം ചെയ്ത് സംഘടിപ്പിച്ച “ജുവല്‍ ഓഫ് മസ്‌കത്ത്” പ്രദര്‍ശനം സമാപിച്ചു. ചരിത്രപ്രാധാനമായ കടല്‍ യാത്ര നടത്തിയ ജുവല്‍ ഓഫ് മസ്‌കത്ത് എന്ന കപ്പലിന്റെ ഗാഥ പുതിയ തലമുറയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് എക്‌സ്‌പോ നടന്നത്. ഒമ്പതാം നൂറ്റാണ്ടില്‍ വ്യാപരാത്തിനായി മസ്‌കത്തില്‍ നിന്നും പുറപ്പെട്ട ജുവല്‍ ഓഫ് മസ്‌കത്ത് എന്ന കപ്പല്‍ ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ചുറ്റി സഞ്ചരിച്ച് സിങ്കപ്പൂരിലേക്കാണ് യാത്ര നടത്തിയിരുന്നത്.

ദിവസങ്ങള്‍ നീണ്ട് നിന്ന ഈ യാത്ര ഒമാനിലെ വാണിജ്യ രംഗത്തിന് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായകമായിരുന്നു. സഞ്ചരിച്ച രാജ്യങ്ങളിലെല്ലാം വ്യവസായിക കരാറുകളും കൈമാറ്റ വ്യവസ്തകളും നിര്‍മിച്ചെടുത്താണ് കപ്പല്‍ തിരിച്ചെത്തിയത്. ഇതിന്റെ സ്മരണ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി 1998ല്‍ ജുവല്‍ ഓഫ് മസ്‌കത്ത് എന്ന കപ്പല്‍ പുനര്‍ നിര്‍മിച്ചിരുന്നു. പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കപ്പല്‍ 2010ല്‍ സുല്‍ത്താന്റെ സമ്മാനമായി സിംഗപ്പൂരിന് കൈമാറിയിരുന്നു. 2010 ഫെബ്രുവരി 16ന് മസ്‌കത്തില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഇന്ത്യയിലെ കൊച്ചി, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി ജൂലൈ മൂന്നിന് സിംഗപ്പൂരിലെത്തി.
മസ്‌കത്ത് അല്‍ സുബൈര്‍ മ്യൂസിയത്തിലാണ് പ്രദര്‍ശനം ഒരുക്കിയിരുന്നത്. ഇതിന്റെ ശേഷിപ്പുകള്‍ സൂക്ഷിച്ചുവരുന്ന മന്ത്രിതല സമിതിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ജുവല്‍ ഓഫ് മസ്‌കത്തുമായി ബന്ധപ്പെട്ട ഫോട്ടോകള്‍, പെയിന്റിംഗുകള്‍, വീഡിയോ, പുനര്‍ നിര്‍മാണത്തിനുപയോഗിച്ച വസ്തുക്കളുടെ ഭാഗം, ചൂടി, മരം തുടങ്ങിയവയാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. ഇത് കൂടാതെ വിവിധ കപ്പല്‍ യാത്രകളുടെയും സമുദ്രവുമായി ബന്ധപ്പെട്ട നിരവധി ചരിത്ര സംഭവങ്ങളുടെയും ആല്‍ബങ്ങളും ഇവിടെ പ്രദര്‍ശനത്തിനുണ്ടായിരുന്നു. പഴയ “ജുവല്‍ ഓഫ് മസ്‌കത്തി”ന്റെ അവശിഷ്ടങ്ങള്‍ നിലനിര്‍ത്തിയാണ് പുനര്‍നിര്‍മാണം നടത്തിയത്. കന്ദാബ് ഗ്രാമത്തില്‍ വെച്ചാണ് ഇന്ത്യക്കാരടക്കമുള്ള വിദഗ്ധരായ തൊഴിലാളികളെ ഉപയോഗപ്പടുത്തി പഴമ നിലനിര്‍ത്തിക്കൊണ്ട് തന്നെ സുല്‍ത്താന്റെ നിര്‍ദേശപ്രകാരം “ജുവല്‍ ഓഫ് മസ്‌കത്തി”ന്റെ പുനര്‍നിര്‍മാണം നടത്തിയിരുന്നത്.

Latest