Connect with us

Palakkad

ഭാരതപ്പുഴയില്‍ ഒറ്റപ്പാലത്ത് സ്ഥിരം തടയണ നിര്‍മിക്കും: മന്ത്രി അടൂര്‍ പ്രകാശ്

Published

|

Last Updated

പാലക്കാട്: ഭാരതപ്പുഴയില്‍ ഒറ്റപ്പാലത്ത് സ്ഥിരം തടയണ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.
കലക്ടറേറ്റില്‍ ചേര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ ഭാഗത്ത് ഒരു സ്ഥിരം തടയണ നിര്‍മ്മിക്കുകയാണെങ്കില്‍ ജില്ലയിലെ വരള്‍ച്ചക്ക് വലിയ തോതില്‍ പരിഹാരമാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് പദ്ധതി തയ്യാറാക്കി നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. തടയണ നിര്‍മ്മാണത്തിന്റെ ഒരു വിഹിതം പാലക്കാട് റോട്ടറി ക്ലബ് വഹിക്കാമെന്ന് അറിയിച്ചതായി ജില്ലാ കലക്ടര്‍ മന്ത്രിയെ അറിയിച്ചു.
ഏകദേശം 10 കോടി രൂപ ചെലവാണ് പ്രാഥമികമായി തടയണക്ക് കണക്കാക്കുന്നത്. തിരൂര്‍ ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് മോഡലായിരിക്കും തടയണ വിഭാവനം ചെയ്യുക. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലെ അപേക്ഷകള്‍ കൃത്യമായി വിലയിരുത്താന്‍ മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. പദ്ധതിയില്‍ ജില്ലയില്‍ ലഭ്യമാകാവുന്ന ഭൂമി സംബന്ധിച്ച കാര്യങ്ങളെപ്പറ്റിയും മന്ത്രി ചര്‍ച്ച നടത്തി. വരള്‍ച്ച പഠിക്കാനെത്തുന്ന കേന്ദ്രസംഘം 17ന് പാലക്കാടെത്തും.
ആ സമയത്ത് ജില്ലയിലെ വരള്‍ച്ച സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കണമെന്നും അവര്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച രൂപരേഖ ഉണ്ടായിരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

Latest