അനധികൃത ബി പി എല്‍ കാര്‍ഡ് കൈവശം വെച്ച 25 പേര്‍ക്കെതിരെ നടപടി: ജില്ലാ കലക്ടര്‍

Posted on: March 9, 2013 1:49 am | Last updated: March 9, 2013 at 1:49 am
SHARE

പാലക്കാട്: ജില്ലയില്‍ അനധികൃതമായി ബി പി എല്‍ കാര്‍ഡ് കൈവശം വെച്ചതായി സ്‌പെഷ്യല്‍ സ്‌ക്വാഡ് കണ്ടെത്തിയ 25 പേര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു.
ബി പി എല്‍ കാര്‍ഡ് അനധികൃതമായി കൈവശം വെച്ചവര്‍ അവ ബന്ധപ്പെട്ട സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ തിരിച്ചേല്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ നിരവധി തവണ അറിയിച്ചിരുന്നു.
എന്നാല്‍ ഇത് വകവെയ്ക്കാതെ പലരും അനധികൃതമായി കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നുവെന്ന രഹസ്യമായ അറിയിപ്പിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപവത്ക്കരിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തികേയന്റെ നേതൃത്വത്തിലുളള സ്‌പെഷ്യല്‍ സ്‌ക്വാഡ് തെരഞ്ഞെടുത്ത വീടുകളില്‍ സന്ദര്‍ശിക്കുകയും കാര്‍ഡുകള്‍ കണ്ടെത്തുകയുമാണ് ചെയ്തത്.
സ്‌ക്വാഡുകള്‍ നിരവധി വീടുകളില്‍ പരിശോധന നടത്തുകയും അതില്‍ 25 ഓളം വീടുകളില്‍ ബി പി എല്‍ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വെച്ചതായി കണ്ടെത്തുകയും ചെയ്തു.
കാര്‍ഡുടമകളില്‍ സ്വന്തമായി വാഹനവും കോണ്‍ക്രീറ്റ് ഇരുനില കെട്ടിടവും ഗ്രാനൈറ്റ് വിരിച്ച മുറികളുളളവരുമുണ്ട്. സ്വന്തമായി റൈസ് മില്ലും ഷോപ്പിങ് കോംപ്ലക്‌സും ഉളളവരും വിദേശമലയാളികളും സ്‌ക്വാഡ് കണ്ടെത്തിയവരില്‍ ഉള്‍പ്പെടുന്നു. സ്‌ക്വാഡ് കണ്ടെത്തിയവരുടെ പേരുവിവരങ്ങള്‍. 1) നാരായണന്‍, കുത്തനൂര്‍ 2) പൊന്നു മന്നാടിയാര്‍, വിളയന്നൂര്‍ 3) നൂര്‍മുഹമ്മദ്, വിളയന്നൂര്‍ 4) ചിന്നക്കുട്ടി റാവുത്തര്‍, തേന്‍കുറിശ്ശി 5) കനകം, തേന്‍കുറിശ്ശി 6) അമ്മു, കണ്ണന്നൂര്‍ 7) വേലപ്പന്‍, കുഴല്‍മന്ദം 8) ബാലചന്ദ്രന്‍ @ കോയു, കുഴല്‍മന്ദം 9) മണി, കുഴല്‍മന്ദം 10) എം എന്‍ പ്രഭാകരന്‍, കല്‍പ്പാത്തി 11) കെ കെ വാസു, കേരളശ്ശേരി 12) കെ ആര്‍ ചന്ദ്രന്‍, കോങ്ങാട് 13) ലക്ഷ്മിക്കുട്ടി, കോങ്ങാട് 14) സൈനബ കോങ്ങാട് 15) മറിയ, പട്ടാമ്പി 16) രാജകുമാരന്‍, പട്ടാമ്പി 17) ഹംസ, പറളി 18) കേശവന്‍, തേനൂര്‍ 19) അബ്ദുള്‍ സമദ്, ബ്ലോക്ക് ഓഫീസിന് സമീപം, പാലക്കാട് 20) ലക്ഷ്മണന്‍, ബ്ലോക്ക് ഓഫീസിന് സമീപം, പാലക്കാട് 21) ഷംസുദ്ദീന്‍, ബ്ലോക്ക് ഓഫീസിന് സമീപം, പാലക്കാട് 22) ചന്ദ്രന്‍, മേപ്പറമ്പ് 23) മുഹമ്മദ് കാസിം, നൂറണി 24) വി എം ജമീല, പട്ടാണിത്തെരുവ് 25) സുലോചന, എരിമയൂര്‍.
ഇവരില്‍ നിന്നും അനധികൃതമായി ആനുകൂല്യങ്ങള്‍ ഉപയോഗിച്ച കാലയളവിലുളള നഷ്ടപരിഹാരം ഈടാക്കും. ഇത് ലഭ്യമാവുന്നില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
അനധികൃതമായി ഇനിയും ബി പി എല്‍ കാര്‍ഡുകള്‍ സൂക്ഷിച്ചിട്ടുളളവര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട സിവില്‍ സപ്ലൈസ് ഓഫീസില്‍ തിരിച്ചേല്‍പ്പിക്കണമെന്നും അല്ലെങ്കില്‍ അടുത്ത മാസം മുതല്‍ പിടികൂടുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ഉള്‍പ്പെടെയുളള നടപടികള്‍ ഉണ്ടാകുമെന്ന് കലക്ടര്‍ അറിയിച്ചു.