Connect with us

Palakkad

വനിതാ ദിനം ആചരിച്ചു

Published

|

Last Updated

പാലക്കാട്: ലീഗല്‍ സര്‍വീസസ് അതോറിറ്റി ലോകവനിതാ ദിനം ആചരിച്ചു. പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി ഹരിദാസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ ജഡ്ജി മേരി ജോസഫ് ഉദ്ഘാടനം ചെയ്തു.
സമൂഹത്തില്‍ നടക്കുന്ന തിന്മകള്‍ക്കെതിരെ വനിതകള്‍ ശക്തമായി പ്രതികരിക്കണമെന്നും സ്വയാര്‍ജ്ജിതമായ പ്രതിരോധശേഷി വളര്‍ത്തിയെടുക്കാന്‍ വനിതകള്‍ക്ക് കഴിയണമെന്നുഒ ജഡ്ജി പറഞ്ഞു. ഡോ. പ്രേംനശങ്കര്‍, ടി കെ ജയകുമാര്‍, പി കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. കെ വിജയ ക്ലാസെടുത്തു.
പാലക്കാട് ഗവ. വിക്‌ടോറിയാ കോളേജ് വനിതാ വികസന സെല്ലിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ടിന് വനിതാ ദിനാചരണം നടത്തി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് പ്രവര്‍ത്തിക്കുമെന്നുളള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് പ്രിന്‍സിപ്പല്‍ വി പി ബാബു പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പാലക്കാട് ജില്ലാ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി വി നിര്‍മ്മല “സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവയുടെ പരിഹാരവും” എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. തുടര്‍ന്ന് വ്യവസായം, സാമൂഹ്യസേവനം, രാഷ്ട്രീയം, സ്‌പോര്‍ട്‌സ് എന്നീ രംഗങ്ങളില്‍ വിജയം കൈവരിച്ച സ്ത്രീകള്‍ കുട്ടികളോട് അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. പ്രസിദ്ധരായ സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടികള്‍ തിരിച്ചറിയുക എന്ന ഉദ്ദേശ്യത്തോടെ ചിത്രക്വിസും സംഘടിപ്പിച്ചു. ചടങ്ങില്‍ വനിതാ വികസന സെല്‍ കണ്‍വീനര്‍ ഇന്ദുശ്രീ എസ് ആര്‍ സ്വാഗതം ആശംസിക്കുകയും സ്റ്റുഡന്റ് കണ്‍വീനര്‍ പി ഷിഫാന നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം സെമിനാര്‍ ഹാളില്‍ ഇറാനിയന്‍ ചലച്ചിത്രം “ദി ഡേ ഐ ബികേം എ വുമണ്‍” പ്രദര്‍ശിപ്പിച്ചു.
പാലക്കാട്: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചിത്രപ്രദര്‍ശനം “വരച്ചാര്‍ത്ത്” മാര്‍ച്ച് 11ന് ആരംഭിക്കുന്നു. പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരിയായ എസ്സി ഐസക്കിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് 11 മുതല്‍ 16 വരെ പാലക്കാട് സിവില്‍ സ്‌റ്റേഷനില്‍ നടക്കുക.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദാ ഇസ്ഹാക്ക് 11ന് രാവിലെ 10.30ന് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
മണ്ണാര്‍ക്കാട് സ്വദേശിയായ എസ്സി ഐസക്ക് ഔപചാരിക പരിശീലനങ്ങളൊന്നുമില്ലാതെ ചിത്രകലയില്‍ സ്വന്തമായ സ്ഥാനം നേടിയയാളാണ്. പെന്‍സില്‍, ചാര്‍ക്കോള്‍, എണ്ണച്ചായം, മ്യൂറല്‍ തുടങ്ങി വ്യത്യസ്ത മാധ്യമങ്ങളിലാണ് എസ്സിയുടെ ചിത്രരചന.