മലബാര്‍ ഗോള്‍ഡ് ഒരുക്കുന്ന മൊബൈല്‍ ക്ലിനിക്ക് പ്രവര്‍ത്തന സജ്ജമായി

Posted on: March 9, 2013 1:42 am | Last updated: March 9, 2013 at 1:42 am
SHARE

കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലബാര്‍ ഗോള്‍ഡ് ഒരുക്കുന്ന മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്ക് ബസ് പ്രവര്‍ത്തന സജ്ജമായി. ഇഖ്‌റ ആശുപത്രിയും സ്‌നേഹ സ്പര്‍ശം കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രില്‍ മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതുസംബന്ധിച്ച് വിശദീകരിക്കനായി ജില്ലയിലെ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെയും സ്‌കൂള്‍ പ്രധാനാധ്യാപകരുടെയും സന്നദ്ധ സംഘടനാ പ്രതിനിധികളുടേയും യോഗം മലബാര്‍ ഗേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ജില്ലാ കലക്ടര്‍ കെ വി മോഹന്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
ആധുനിക ഉപകരണങ്ങള്‍ അടങ്ങിയ മിനി ലബോറട്ടറി, രോഗികള്‍ക്കായി പരിശോധനാ റൂം, ജീവിത ശൈലീ രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്താനായി എല്‍ സി ഡി ടി വി, എക്‌സ് റേ യൂണിറ്റ്, ഇ സി ജി മെഷീന്‍, സെമി ഓട്ടോ അനലൈസര്‍ തുടങ്ങിയ സൗകര്യങ്ങള്‍ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്ക് ബസില്‍ ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ സ്റ്റാഫുകളുടെയും സഹായവും ലഭ്യമാണ്. വൈദ്യ സഹായം ആവശ്യമായ പ്രദേശങ്ങള്‍, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പിന്നോക്ക മേഖലകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലും അടിയന്തിര വൈദ്യസഹായം വേണ്ട ഘട്ടങ്ങളിലും മൊബൈല്‍ ക്ലിനിക്കിന്റെ സഹായം ലഭിക്കും.