ദേശീയോദ്ഗ്രഥന ക്യാമ്പിനും നാടന്‍ കലാമേളക്കും ഇന്ന് തുടക്കമാകും

Posted on: March 9, 2013 1:41 am | Last updated: March 9, 2013 at 1:41 am
SHARE

കോഴിക്കോട്: കേന്ദ്ര യുവജന കായിക മന്ത്രാലയം നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘സംസ്‌കൃതി’ ദേശീയോദ്ഗ്രഥന ക്യാമ്പിനും ദേശീയ നാടന്‍കലാമേളക്കും തുടക്കമായി. ഇന്ന് വൈകീട്ട് 3 മണിക്ക് കോര്‍പറേഷന്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നിന്ന് തുടങ്ങുന്ന ഘോഷയാത്രയോടെ പരിപാടിക്ക് ഔപചാരികമായ തുടക്കമാകും. തുടര്‍ന്ന് 6 മണിക്ക് സരോവരം വേദിയില്‍ എം കെ രാഘവന്‍ എം പി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സംസ്‌കൃതി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കലാസാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
സ്വാമി വിവേകാനന്ദന്റെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 10ന് രാവിലെ 10 മണിക്ക് നടക്കുന്ന യുവസംവാദം എം എ ഷാനവാസ് എം പിയും 11ന് ടൗണ്‍ ഹാളില്‍ രബീന്ദ്രനാഥ ടാഗോറിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന സെമിനാര്‍ ഡോ. എം ജി എസ് നാരായണനും ഉദ്ഘാടനം ചെയ്യും. ഡോ ആര്‍സു, ഡോ. പ്രിയദര്‍ശന്‍ലാല്‍, ഫ്രൊ. പി കെ ബാലകൃഷ്ണന്‍ , യു കെ രാമന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് ശാന്തിനികേതനില്‍ നിന്നുള്ള കലാകാരന്മാര്‍ ബാവുല്‍ സംഗീതം അവതരിപ്പിക്കും. ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ ടാഗോറിന്റെ ഫോട്ടോ-പുസ്തക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. വൈകുന്നരം 6 മണിക്ക് സാംസ്‌കാരിക സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എം കെ മുനീര്‍ കലാകാരന്മാര്‍ക്ക് ഉപഹാരം നല്‍കും.