Connect with us

Kozhikode

മുന്‍ മേയര്‍ എം ഭാസ്‌കരനെ പ്രതിയാക്കി വീണ്ടും നാല് വിജിലന്‍സ് കേസുകള്‍

Published

|

Last Updated

കോഴിക്കോട്: കോര്‍പറേഷന്‍ മുന്‍ ഭരണസമിതിയില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുന്‍ മേയര്‍ എം ഭാസ്‌കരനെ പ്രതി ചേര്‍ത്ത് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയില്‍ നാല് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ മുന്‍ മേയര്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണം എട്ടായി. ദുരിതാശ്വാസ നിധിയില്‍ നിന്ന് വ്യാജരേഖയുണ്ടാക്കി പണം തട്ടിയെടുത്തെന്ന ആരോപണം, കോര്‍പറേഷന്‍ ആരോഗ്യപ്രദര്‍ശനത്തിന് സ്റ്റാളുകള്‍ ഏര്‍പ്പെടുത്താന്‍ വിവിധ സ്ഥാപനങ്ങളെ ക്ഷണിക്കുന്നതിന് മേയറും ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി ദിവാകരനും മറ്റും ഡല്‍ഹിക്ക് വിമാനയാത്ര നടത്തിയതിലെ ക്രമക്കേട്, പാളയത്തെ നെറ്റ് ഷെല്‍ട്ടര്‍ കരാര്‍ നല്‍കാതെ വാടകക്ക് നല്‍കുക വഴി കോര്‍പറേഷന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയത്, കമ്പ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങിയതില്‍ നടന്ന ക്രമക്കേട് എന്നിവയാണ് പുതിയ കേസുകള്‍ക്കാധാരം.
പൊതുപ്രവര്‍ത്തകന്‍ കെ പി വിജയകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട്്് സമര്‍പ്പിച്ചിരിക്കുന്നത്. മൊത്തം 44 പരാതികളാണ് വിജയകുമാര്‍ കോര്‍പറേഷന്‍ മുന്‍ ഭരണസമിതിക്കെതിരെ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഒമ്പതെണ്ണത്തില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. എട്ടെണ്ണത്തിലാണ് മുന്‍മേയറെ പ്രതി ചേര്‍ത്തിരിക്കുന്നത്. ചെറോട്ടുവയല്‍ നവീകരണത്തിനുള്ള തുക വകമാറ്റിയ കേസില്‍ ഡെപ്യൂട്ടി മേയര്‍ പ്രഫ. പി ടി അബ്ദുല്‍ലത്വീഫും പ്രതിയാണ്. വികലാംഗര്‍ക്ക് ഉപകരണം നല്‍കിയതിലും ഞെളിയന്‍പറമ്പ്്് മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിലും ക്രമക്കേട് നടന്നതായി ആരോപണമുണ്ടായിരുന്നു.

Latest