Connect with us

Kannur

അതുല്യം പദ്ധതിക്ക് തുടക്കം 'കേരളം കമ്പ്യൂട്ടര്‍ സാക്ഷരതയിലും ഒന്നാമതാകും'

Published

|

Last Updated

കണ്ണൂര്‍: സാക്ഷരതയില്‍ ഒന്നാം സ്ഥാനം നേടിയ കേരളം കമ്പ്യൂട്ടര്‍ സാക്ഷരതയിലും ഇന്ത്യക്ക് മാതൃകയാകുന്ന തരത്തില്‍ നേട്ടം കൈവരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഴുവന്‍ പേരെയും കമ്പ്യൂട്ടര്‍ സാക്ഷരാക്കുകയെന്നത് വെല്ലുവിളിയായി സ്വീകരിച്ചിരിക്കുകയാണ്. സമ്പൂര്‍ണ സാക്ഷരത കൈവരിച്ചത് പോലെ ഇതും സാധ്യമാകുമെന്ന് ഉറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കണ്ണൂര്‍ ജില്ലാ സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അതുല്യം സമഗ്ര തുടര്‍വിദ്യാഭ്യാസ പദ്ധതി കണ്ണൂര്‍ ചേംബര്‍ കോമേഴ്‌സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരത നേടുന്നതിന് സമഗ്രമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. കേരളമായിരിക്കും സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരത നേടുന്ന ആദ്യസംസ്ഥാനമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. രാജ്യത്തെ 50 ജില്ലകള്‍ ഇ ഡിസ്ട്രിക്ടായി പ്രഖ്യാപിക്കുന്നതിനായി തിരഞ്ഞെടുത്തപ്പോള്‍ ഓരോ സംസ്ഥാനത്തും ഒന്നോ രണ്ടോ ജില്ലകള്‍ മാത്രമായിരുന്നു ഉള്‍പ്പെട്ടിരുന്നത്. കേരളത്തിലെ 14 ജില്ലകളും ഇ ഡിസ്ട്രിക്ട് പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുകയാണ്. ഈ മാസം 31 ഓടെ എല്ലാ ജില്ലകളും ഇ ഡിസ്ട്രിക്ടായി പ്രഖ്യാപിക്കാന്‍ കഴിയും. 30 മാസം കൊണ്ട് ഇ ഡിസ്ട്രിക്ടായി മാറ്റാനാണ് നിര്‍ദേശമെങ്കിലും 12 മാസം കൊണ്ടാണ് കേരളത്തില്‍ ഇ ഡിസ്ട്രിക്ട് പദ്ധതി പൂര്‍ത്തീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള അധ്യക്ഷത വഹിച്ചു. ലോക വനിതാദിനാചരണം ഉദ്ഘാടനം ദേശീയ യുവജന അവാര്‍ഡ് ജേതാവ് കെ വി റാബിയ നിര്‍വഹിച്ചു. എ പി അബ്ദുല്ലകുട്ടി എം എല്‍ എ, കെ കെ നാരായണന്‍ എം എല്‍ എ, സണ്ണി ജോസഫ് എം എല്‍ എ, അഡ്വ. എ എ റസാഖ്, പ്രൊഫ. ആര്‍ ശശികുമാര്‍, പി റോസ, പി പി സിറാജ്, പി ടി മാത്യു, പി എന്‍ ബാബു പ്രസംഗിച്ചു.

Latest