അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബേങ്ക് അഴിമതിക്കെതിരെ സി പി എം പ്രക്ഷോഭത്തിലേക്ക്‌

Posted on: March 9, 2013 1:31 am | Last updated: March 9, 2013 at 1:31 am
SHARE

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബേങ്കിലെ അഴിമതിക്കെതിരെ സി പി എം പ്രക്ഷോഭത്തിലേക്ക്. ഇന്ന് ഹെഡ് ഓഫീസിലേക്ക് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്താന്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
അങ്ങാടിപ്പുറം പൂരം ഫെസ്റ്റ് കഴിഞ്ഞ വര്‍ഷം ബേങ്കും അങ്ങാടിപ്പുറം പഞ്ചായത്തും കൂടിയാണ് നടത്തിയത്. ഇതിന്റെ നടത്തിപ്പില്‍ വന്‍ വെട്ടിപ്പാണ് നടത്തിയിട്ടുള്ളതെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി.
ബേങ്ക് നടത്തിയ നിയമനങ്ങളില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് ലീഗിലെയും കോണ്‍ഗ്രസിലെയും പ്രബല വിഭാഗം ആരോപിക്കുന്നു. ബേങ്കില്‍ നടന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസുകാരനായ ഒരു ഡയറക്ടര്‍ ഈയിടെ രാജി വെച്ചിരുന്നു. ബേങ്കിന്റെ ഗോഡൗണ്‍ നിര്‍മാണത്തിലും അഴിമതിയുമുണ്ടെന്ന് സി പി എം പറയുന്നു.
സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സി പി എം പ്രക്ഷോഭമാരംഭിക്കുന്നതെന്ന് പാര്‍ട്ടി സെക്രട്ടറി അറിയിച്ചു.