Connect with us

Wayanad

വേണാടിയില്‍ കരിങ്കല്‍ ഖനനം: പ്രതിഷേധം ശക്തം

Published

|

Last Updated

താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ കൈയൊടിയന്‍പാറ വേണാടിയില്‍ കരിങ്കല്‍ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പന്ത്രണ്ടാം വാര്‍ഡില്‍പെട്ട 25 ഏക്കറോളം വിസ്തൃതിയുള്ള തേവര്‍മലയില്‍ കരിങ്കല്‍ ഖനനം നടത്താനും പാറ പൊട്ടിച്ച് എംസാന്‍ഡ്, മെറ്റല്‍ തുടങ്ങിയവ നിര്‍മിക്കുന്ന ക്രഷര്‍ സ്ഥാപിക്കാനുമാണ് നീക്കം. മലമുകളിലേക്ക് ഇതിനായി റോഡ് നിര്‍മിച്ചിച്ചിട്ടുണ്ട്.
20 വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ ആളപായവും വലിയ നാശനഷ്ടവും സംഭവിച്ച പ്രദേശമാണിത്. ഇരുനൂറം കുടുംബങ്ങള്‍ ആശ്രയിക്കുന്ന രണ്ട് കുടിവെള്ള പദ്ധതികളുടെ ടാങ്ക് സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. മലമുകളിലെ കരിങ്കല്‍ഖനനം പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ക്കും ടാങ്കുകള്‍ക്കും ഭീഷണിയാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
തേവര്‍മലയെ ഇല്ലാതാക്കുന്ന പാറ ഖനനത്തിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ താര അബ്ദുര്‍റഹ്മാന്‍ഹാജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജമീല മുത്തലിബ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ശിവശങ്കരന്‍ മാസ്റ്റര്‍, ബോധവത്കരണ ക്ലാസെടുത്തു. ഒ കെ എം കുഞ്ഞി, ഐ കെ ഗോപാലന്‍, സലീം മാസ്റ്റര്‍, രിഫായത്ത് സംസാരിച്ചു.